കുറിച്ചി: കൃഷി ആവശ്യത്തിനായി സ്ഥാപിച്ച തൂമ്പ് അടഞ്ഞതോടെ കുറിച്ചി പഞ്ചായത്തിലെ കാളിശേരി ഭാഗത്ത് ആറോളം വീടുകളിൽ വെള്ളക്കെട്ട്. വീട്ടുകാർ പഞ്ചായത്തിൽ കയറിയിറങ്ങി വെള്ളക്കെട്ടിന് പരിഹാരം തേടാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇപ്പോൾ ശരിയാക്കിത്തരാം എന്നാണ് അധികൃതരുടെ മറുപടിയെങ്കിലും രണ്ടു മാസമായി ഈ അവസ്ഥ തുടരുന്നു. പാടത്ത് കൃഷി ഉണ്ടായിരുന്നപ്പോൾ വെള്ളം കയറ്റാനും ഇറക്കിവിടാനും സ്ഥാപിച്ച തൂമ്പ് അടഞ്ഞതാണ് ഈ സ്ഥിതിക്ക് കാരണം. കൃഷി ഇല്ലാതായതോടെ തൂമ്പ് പ്രവർത്തിക്കുന്നില്ല. തൂമ്പിലൂടെ വെള്ളം ഒഴുകാൻ സാഹചര്യം ഒരുക്കിയാൽ ഈ വീടുകളിലെ വെള്ളം പാടത്തേക്ക് ഒഴുകിപ്പോവും. വീടുകളിലെ വെള്ളക്കെട്ടിന് പരിഹാരവുമാവും. മാലിത്രചിറ ശരത്ത്, മോനിച്ചൻ കുന്നംപള്ളി എന്നിവരാണ് പഞ്ചായത്തിൽ പരാതി നല്കിയിട്ടുള്ളത്. പ്രതിസന്ധി പരിഹരിക്കണമെന്ന് പഞ്ചായത്ത് മെമ്പർ ബി.ആർ മഞ്ജീഷ്, പി.കെ ഗോപാലകൃഷ്ണൻ എന്നിവരും ആവശ്യപ്പെട്ടിട്ടുണ്ട്.