കുറവിലങ്ങാട്: ലോകോത്തര നിലവാരത്തിൽ കെ.എസ്.ടി.പി. നിർമാണം പൂർത്തിയാക്കിയ എം.സി. റോഡിൽ കുറവിലങ്ങാട് ടൗൺ പ്രദേശത്തെ ഫുട്പാത്ത് യാത്ര ഞാണിന്മേൽകളിയാണ്. കോഴാ മുതൽ പാറ്റാനി ജംഗ്ഷൻ വരെ ഇരുവശങ്ങളിലുമായി കാൽനടയാത്രക്കാരുടെ ഏക ആശ്രയമായ ഫുട്പാത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിയിരിപ്പുണ്ട്. ഓടയുടെ മുകളിൽ കോൺക്രീറ്റ്സ്ലാബ് നിരത്തി നിർമിച്ച പല സ്ഥലങ്ങളിലും സ്ലാബില്ല. നടന്ന് ചെല്ലുന്നത് നേരെ ഓടയിലേക്കാണ്. റോഡും ഫുട്പാത്തും തമ്മിലുള്ള ഉയരത്തിനും പല അളവുകളാണ്.
2018ലും 2019ലും മഴക്കാലത്ത് സ്‌കൂൾ കുട്ടികൾക്കും മുതിർന്നവർക്കും ഫുട്പാത്തിലൂടെ നടന്ന് ഓടയിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ട്. കഷ്ടിച്ച് ജീവൻ തിരികെ കിട്ടിയവരും ആ കൂട്ടത്തിൽ പെടും. നിരവധി തവണ നിർമാണത്തിലെ പോരായ്മകൾ സംബന്ധിച്ച് വാർത്തകളും പരാതികളും ഉയർന്നിട്ടുണ്ടെങ്കിലും ഫുട്പാത്ത് സംരക്ഷണത്തിനോ കാൽനടയാത്രക്കാരുടെ സുരക്ഷയ്‌ക്കോ ആവശ്യമായ യാതൊരു നടപടികളും അധികൃതരിൽ നിന്ന് ഉണ്ടായിട്ടില്ല. ഈ മഴക്കാലത്തും ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്.
ഒഴുകിപ്പോയ വാഗ്ദാനങ്ങൾ
കോഴാ കവലയിൽ വർഷങ്ങളായി നിന്നിരുന്ന ആൽമരവും മാവും പ്ലാവും നിലനിർത്തിക്കൊണ്ട് റോഡ് വികസനം നടത്തുമെന്നായിരുന്നു ഉറപ്പ്. എന്നാൽ പണി തുടങ്ങിയപ്പോൾ വൃക്ഷങ്ങൾ വെട്ടിമാറ്റി. യാത്രക്കാർക്ക് തണൽ ലഭിക്കുന്നതിനും ഇരിക്കുന്നതിനുമാവശ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടാക്കുമെന്ന വാഗ്ദാനവും ഒലിച്ചുപോയി. കോഴാ മുതൽ പാറ്റാനി ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശങ്ങളിലും ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണ വേലി തീർക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഫുഡ് പാത്ത് പൂർത്തിയാക്കാത്തിടത്ത് എന്ത് വേലി എന്ന അവസ്ഥയാണിപ്പോൾ. അതുകൊണ്ട് ഫുഡ്പാത്ത് കയ്യേറി വാഹന പാർക്കിംഗും കച്ചവടവും തകൃതിയായി നടക്കുന്നു. ഫുട്പാത്തിലെ ആളുകളുടെ സഞ്ചാരം കുറവുള്ള പലയിടങ്ങളും കുറ്റിക്കാടാണ്.
ചെയ്യാൻ ഇനിയുമേറെ
നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്ന സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡർ നിർമാണം പുന: ക്രമീകരിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ നടപ്പായില്ല. വിവിധ സ്ഥലങ്ങളിലെ ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ സംബന്ധിച്ചും തീരുമാനമില്ല. റോഡ് വികസനത്തിലെ പോരായ്മകളും അവ്യക്തതയും നിലനിൽക്കുന്നുണ്ട്. വഴിനിർമാണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ആവശ്യമായ ഫണ്ട് ഇല്ലാതെയാണോ ലോകോത്തരനിലവാരത്തിലുള്ള റോഡ് വികസനം ആരംഭിച്ചത് എന്നാണ് ജനം ചോദിക്കുന്നത്. പോരായ്മകൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.