പാലാ: "കറണ്ടേ, ഒന്നു വരൂ പ്ളീസ്, ഞാനാ വിളിക്കുന്നത് ട്രാൻസ്ഫോർമർ". നാവുണ്ടായിരുന്നെങ്കിൽ ഏഴാച്ചേരിയിലെ ട്രാൻസ്ഫോർമർ കറണ്ടിനെ വിളിച്ചിറക്കി കൊണ്ടുപോന്നേനെ! ഗാന്ധി പുരത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിട്ട് മൂന്നു മാസമായിട്ടും ചാർജ് ചെയ്യാൻ 'നല്ല സമയം' നോക്കി കെ. എസ്. ഇ .ബി. കാലം നീക്കുന്നതായി നാട്ടുകാർ. രാമപുരം കെ.എസ്. ഇ .ബി. സെക്ഷനിലെ ഏഴാച്ചേരി ഗാന്ധിപുരം ജംഗ്ഷനിലാണ് മൂന്നു മാസമായി ട്രാൻസ്‌ഫോർമർ നോക്കുകുത്തിയായി നിൽക്കുന്നത്. വെള്ളിലാപ്പിള്ളിയിലും ഏഴാച്ചേരി ജി.വി. യു.പി. സ്‌കൂളിനു സമീപവും നിലവിൽ ട്രാൻസ്‌ഫോർമറുകൾ ഉണ്ടെങ്കിലും ഇതു രണ്ടിനും ഇടയിലുള്ള ഗാന്ധിപുരം ഭാഗത്തെ നൂറിൽപ്പരം ഉപഭോക്താക്കൾക്ക് രൂക്ഷമായ വോൾട്ടേജ് ക്ഷാമം ഉണ്ടായിരുന്നു.
ഈ മേഖലയിലെ ഉപഭോക്താക്കൾ വർഷങ്ങൾക്കു മുന്നേ തന്നെ വോൾട്ടേജ് ക്ഷാമത്തെപ്പറ്റി രാമപുരം കെ. എസ്. ഇ ബി. അധികൃതർക്ക് പരാതി നൽകിയിരുന്നു. ആദ്യമൊന്നും അധികാരികൾ ആവശ്യം ഗൗനിച്ചിരുന്നില്ല. ജനങ്ങൾ സമരമാർഗ്ഗത്തിലേക്കു കടക്കുമെന്ന നിലയെത്തിയതോടെ കെ. എസ്. ഇ. ബി. അനങ്ങാപ്പാറനയം വിട്ടു. ഗാന്ധിപുരത്ത് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ ഒരു വർഷം മുമ്പ് തീരുമാനവുമായി. എന്നാൽ 3 മാസം മുമ്പാണ് ഇവിടെ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ചാർജ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നാളുകൾ പിന്നിട്ടിട്ടും ചാർജ് ചെയ്യൽ മാത്രം നടന്നില്ല.
പരാതിപ്പെട്ട ഉപഭോക്താക്കളോട് ഉടൻ ചാർജ് ചെയ്യുമെന്ന മറുപടി നൽകുന്നതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. വോൾട്ടേജ് ക്ഷാമം മൂലം ജനം ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. രണ്ടാഴ്യ്ക്കുള്ളിൽ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യാത്ത പക്ഷം ജനകീയ സമരത്തിന് ഒരുങ്ങും.
ഗോപി നീറാക്കുളം
ഗാന്ധിപുരം പൗര സമിതി കൺവീനർ
ഗാന്ധിപുരത്തെ ട്രാൻസ്‌ഫോർമർ എത്രയും വേഗം ചാർജ് ചെയ്യും. ട്രാൻസ്‌ഫോർമറിനു ചുവട്ടിൽ വേലി സ്ഥാപിക്കേണ്ടതുണ്ട്. ചുരുക്കം ചില അറ്റകുറ്റപ്പണികളുമുണ്ട്. കനത്ത മഴയാണ് തടസം. ഇതുമാറിയാലുടൻ ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യും
ദീപാ ജോസഫ്,
അസി. എൻജിനീയർ
രാമപുരം കെ.എസ്.ഇ.ബി