joseph

 10 തവണ മത്സരിച്ചു.  ഒരു തവണ തോറ്റു. ഒരു തവണ മാറിനിന്നു.

 40 വർഷമായി എം.എൽ.എ

കോട്ടയം: തൊടുപുഴ പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി.ജെ ജോസഫ് നിയമസഭയിൽ എത്തിയിട്ട് 50 വർഷമായി. ഉമ്മൻചാണ്ടിയെപ്പോലെ തുടർച്ചയായി അമ്പതു വ‌ർഷം ഒരേ മണ്ഡലത്തിൽ നിന്നു ജയിച്ചുവെന്ന റെക്കാഡ് പക്ഷെ ജോസഫിനില്ല.

സി.പി.എം കോട്ടയായ തൊടുപുഴയിൽ 29ാം വയസിൽ 1970 ലാണ് പി.ജെ ജോസഫ് എന്ന തൊടുപുഴക്കാരുടെ 'ഔസേപ്പച്ചൻ' കന്നിപ്പോരിനിറങ്ങിയത്. നിയമസഭയിലേക്ക് 10 തവണ മത്സരിച്ചു. ഒരു തവണ പി.ടി.തോമസിനോട് തോറ്റു. ഒരു തവണ ലോക് സഭയിലേക്ക് മത്സരിക്കാൻ മാറി നിന്നു. ഇതൊഴിച്ചാൽ 40 വർഷമായി ജോസഫ് തൊടുപുഴയുടെ എം.എൽ.എയാണ് . കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ 1978ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. എട്ടുമാസത്തിനു ശേഷം സുപ്രീംകോടതി വിധിയിലൂടെ മാണി തിരിച്ചെത്തിയപ്പോൾ മാറിക്കൊടുത്തു. 1979ൽ സ്വന്തമായി കേരളകോൺഗ്രസ് രൂപീകരിച്ചു. 1980ൽ യു.ഡി.എഫ് സ്ഥാപക കൺവീനറായി. 1989ൽ യു.ഡി.എഫുമായി തെറ്റി. മൂവാറ്റു പുഴയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചു തോറ്റു. തുടർന്ന് ഇടതു മുന്നണിയിലെത്തി. 96ലും 2006ലും തൊടുപുഴയിൽ നിന്നു ജയിച്ചു. 2001ൽ പി.ടി.തോമസിനോട് തോറ്റു. 2010ൽ ഇടതു മന്ത്രിസഭയിൽ നിന്ന് രാജിവച്ച് കേരളകോൺഗ്രസ് എമ്മിൽ ലയിച്ചു. കെ.എം.മാണിയുടെ മരണ ശേഷം ജോസ് കെ മാണിയുമായി തെറ്റി. ജോസഫ് ഗ്രൂപ്പായി യു.ഡി.എഫിൽ നിൽക്കുന്നു.

പിന്നണി ഗായകനായ മന്ത്രി

ജനകീയ നേതാവിനെക്കൂടാതെ പി.ജെക്കുള്ളിൽ ഒരു ഗായകൻ കൂടിയുണ്ട്. തിരഞ്ഞെടുപ്പായാലും പൊതുപരിപാടികളായാലും പി.ജെ. ജോസഫ് ഉണ്ടെങ്കിൽ അവിടെ പാട്ടുമുണ്ടാകും. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ പള്ളി ക്വയറിലും സജീവ സാന്നിദ്ധ്യമായിരുന്നു .കോളജിലെത്തിയപ്പോൾ പി.ജെ.യുടെ പാട്ട് ഒഴിവാക്കാൻ പറ്റാത്ത ഘടകമായി . 1960ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന ഹിന്ദി ചലച്ചിത്രത്തിലെ ‘ജൽതേ ഹേ ജിസ്കേലിയേ…’ ആണ് ഇഷ്ട ഗാനം. 1984ൽ ശബരിമല ദർശനം എന്ന സിനിമയിൽ പാടി . ‘ഇൗ ശ്യാമസന്ധ്യ വിമൂകം സഖീ…’ എന്നു തുടങ്ങുന്ന പാട്ടിലൂടെ ഇന്ത്യയിലെ ആദ്യ പിന്നണി ഗായകനായ മന്ത്രി എന്ന വിശേഷണവും ജോസഫിന്റെ പേരിനൊപ്പമായി.