bus

അടിമാലി: ഓട്ടം നിലച്ചിട്ട് മാസങ്ങളായി, ഇനിയെന്ന് പുനരാരംഭിക്കാനാവുമെന്നതിൽ യാതൊരു നിശ്ഛയവുമില്ല, ദുരിതകാലം എങ്ങനെ തരണം ചെയ്യണമെന്നറിയാതെ അവർ ദിവസങ്ങൾ തള്ളിനീക്കുകയാണ്. കൊവിഡ് ആശങ്ക ഒഴിയാതെ വന്നതോടെ ജീവിതം വഴിമുട്ടി നിൽക്കുന്നവിഭാഗമാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും.കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ട് മാത്രം ഭാരിച്ച ബാദ്ധ്യതയാണ് അവർക്കുണ്ടായത്.കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഓട്ടമവസാനിപ്പിച്ചതാണ് പല ടൂറിസ്റ്റ് ബസ് ഉടമകളും.വരുമാനം നിലച്ചതോടെ വാഹന വായ്പ്പ തിരിച്ചടവ് മുടങ്ങി.മൊറട്ടോറിയ കാലാവധി അവസാനിച്ചതിനാൽ ഇനി തിരിച്ചടവാരംഭിക്കണം.ഓടാതെ കിടക്കുന്നതിനാൽ വാഹനങ്ങളുടെ പ്രവർത്തനക്ഷമത കുറഞ്ഞു.വീണ്ടും നിരത്തിലിറക്കണമെങ്കിൽ വലിയ തുക ചിലവഴിക്കേണ്ടി വരും.ഈ മേഖലയിൽ തൊഴിലെടുത്തിരുന്ന നിരവധിപേരുടെ ഉപജീവന മാർഗ്ഗം വഴിയടഞ്ഞു.ജീവിതം മമ്പോട്ട് കൊണ്ടപോകാനാവാത്ത അവസ്ഥ ഉണ്ടെന്ന് പലരും പറയുന്നു.മെച്ചപ്പെട്ട വരുമാനം ലഭിക്കേണ്ടിയിരുന്ന മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് കൊവിഡ് ആശങ്ക ഉയർന്നത്.പാക്കേജുകളുടെ ബുക്കിംഗിലൂടെ കൈപ്പറ്റിയ അഡ്വാൻസ് തുക ഇനിയും തിരിച്ച് നൽകാനുണ്ട്. വാഹനങ്ങൾ വിറ്റ് മറ്റ് വഴികൾ തേടാമെന്ന് കരുതിയാലും ആര് വാങ്ങാൻ .കൊവിഡ് ആശങ്കയൊഴിഞ്ഞ് എന്ന് നിരത്തിലിറങ്ങാൻ കഴിയുമെന്നറിയാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മക ഇടപെടൽ ഉണ്ടായില്ലെങ്കിൽ പലരുടെയും ജീവിതം തിരിച്ച് കയറാനാവാത്ത വിധം കടക്കെണിയിലാണ്ട് പോകുമെന്നിവർ ഭീതിയോടെ പറയുന്നു.