കാഞ്ഞിരപ്പള്ളി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ കാഞ്ഞിരപ്പളളി താലൂക്ക്. 4 പഞ്ചായത്തുകളിലാണ് കണ്ടെയ്ൻമെന്റ് സോണുകളുള്ളത്. ഇവയെല്ലാം മറ്റ് താലൂക്കുകളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ്. ആദ്യ സമയത്ത് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതുമാറി. എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിൽ തുടക്കം മുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ടായിരുന്നു. കൊവിഡ് കേസുകൾ അധികം റിപ്പോർട്ട് ചെയ്യാത്ത പഞ്ചായത്തായിരുന്നു എലിക്കുളം. എന്നാൽ കഴിഞ്ഞ ദിവസം പനമറ്റത്തു നടന്ന ഒരു വിവാഹ ചടങ്ങോടെ ആദ്യമായി എലിക്കുളം പഞ്ചായത്തിലെ ഒരു വാർഡുതന്നെ കണ്ടെയ്ൻമെന്റ് സോണിലായി. പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എലിക്കുളം പഞ്ചായത്തോഫീസ് അണുവിമുക്തമാക്കി. ഇളങ്ങുളം പള്ളി പാരിഷ്ഹാളിൽ ഇരുന്നൂറോളം പേരെ കൊവിഡ് ടെസ്റ്റ് നടത്തിയതിൽ വരൻ ഉൾപ്പെടെയുള്ള 9 പേർക്ക് പോസിറ്റീവായി. മല്ലികശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു മാറ്റ് കമ്പിനിയിലെ 7 അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടുത്തെ മറ്റ് ജീവനക്കാർക്ക് ഇന്നും,നാളെയുമായി ടെസ്റ്റ് നടത്തും.
കണ്ടെയ്ൻമെന്റ് സോണുകൾ
മുണ്ടക്കയം പഞ്ചായത്തിലെ വാർഡ് 20
എരുമേലി പഞ്ചായത്തിലെ 7, 10 വാർഡ്
ചിറക്കടവ് പഞ്ചായത്തിലെ വാർഡ് 11
എലിക്കുളം പഞ്ചായത്തിലെ വാർഡ് 7