പാലാ : പാലായിലും പരിസര പ്രദേശങ്ങളിലും ജലലഭ്യത ലക്ഷ്യമാക്കി ആരംഭിച്ചതും നിലച്ചുപോയതുമായ അരുണാപുരം ബ്രിഡ്ജ് കം ബണ്ടിന്റെ നിർമ്മാണം പുന:രാരംഭിക്കാൻ സർക്കാർ തീരുമാനിച്ചതായി മാണി.സി. കാപ്പൻ എം.എൽ.എ അറിയിച്ചു. പണി പുന: രാരംഭിക്കുന്നതിന്റെ ഭാഗമായി അടിയന്തിര റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പാലാ നഗരസഭയെയും മുത്തോലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് സെന്റ് തോമസ് കോളേജിന് പിന്നിൽ അരുണാപുരത്താണ് തടയയോടുകൂടി പാലം നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം 2016ൽ നടന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഇരുകരകളിൽ നിന്നുമുള്ള അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിച്ചിരുന്നു. പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി ഇവിടെ ഉണ്ടായിരുന്ന വള്ളംകടത്ത് നിറുത്തലാക്കുകയും നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന കുളിക്കടവ് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു.
75 മീ.നീളം, 7.5 മീ.വീതി
വെള്ളിയേപ്പള്ളി, പന്തത്തല തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ബണ്ട് കം ബ്രിഡ്ജ്. 75 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിരുന്നത്. അരുണാപുരം മുതൽ നാലു കിലോമീറ്റർ മുകളിലേയ്ക്ക് വേനൽക്കാലത്ത് ജലനിരപ്പ് ഉയർന്നു നിൽക്കുംവിധമാണ് തടയണയുടെ രൂപകല്പന.
തറപ്പേൽക്കടവ് മുതൽ മുതൽ അരുണാപുരം വരെ മീനച്ചിലാറ്റിലേയ്ക്ക് എത്തുന്ന തോടുകളിലും അരുവികളിലും ജല ലഭ്യത ഉറപ്പുവരുത്താൻ തടയണയ്ക്ക് കഴിയും. ഇതോടൊപ്പം സമീപ പ്രദേശത്തെ കിണറുകളും കുളങ്ങളും ജലസമൃദ്ധമാകും.
ഷട്ടറുകൾ സ്ഥാപിക്കും
ഷട്ടറുകൾ സ്ഥാപിച്ച് മഴക്കാലത്ത് വെള്ളം തുറന്നുവിടാവുന്ന വിധമാണ് തടയണ നിർമ്മിക്കുന്നത്. നാലു മീറ്റർ മുതൽ രണ്ടം മീറ്റർ വരെ ഉയരത്തിൽ വെള്ളം സംഭരിച്ചു നിറുത്താനാകും. പാലത്തിന്റെ കാലുകൾ ഉറപ്പിക്കുന്നതിനായി ഏഴു മീറ്ററിലധികം താഴെയാണ് അടിത്തറയ്ക്കുളള പാറ കണ്ടെത്താൻ കഴിഞ്ഞത്. തുടർന്ന് പഴയ ഡിസൈൻ ഉപേക്ഷിക്കുകയായിരുന്നു.