പാലാ : പാലാ - പൊൻകുന്നം റോഡിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാൻ സത്വര നടപടികളുണ്ടാകണമെന്ന് ജോസ്.കെ.മാണി എം.പിആവശ്യപ്പെട്ടു. അപകടമേഖലകൾ എന്നു കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ഉടൻ അപകട സൂചക ബോർഡുകളും ചിഹ്നങ്ങളും സ്ഥാപിക്കണം. നീരീക്ഷണ കാമറകൾ സ്ഥാപിക്കണം. നിരന്തര പരിശോധന നടത്തണം. റോഡിന് ഇരുവശവും പല ഭാഗങ്ങളിലായി വളർന്നു നിൽക്കുന്ന കാട്ടുപള്ളകൾ ഉടൻ വെട്ടി നീക്കണം. ഇക്കാര്യത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ അടിയന്തിര ഇടപെടലുണ്ടാകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ഗതാഗത ഉപദേശക സമിതിയുടേയും യോഗങ്ങൾ ഉടൻ വിളിച്ചു ചേർത്ത് അപകടങ്ങൾ ഒഴിവാക്കാനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.