42.69 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം 137.45 കോടിയുടെ നിർമ്മാണോദ്ഘാടനം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി, കാർഡിയോ തൊറാസിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് വരുന്നത് കാർഡിയോളജി, കാർഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ വാർഡുകൾ, ഐ.സി.യു, നെഗറ്റീവ് പ്രഷർ ഐ.സി.യു, മെഡിക്കൽ വിദ്യാർത്ഥിനികൾക്കുള്ള ഹോസ്റ്റൽ, പി. ജി വിദ്യാർത്ഥികൾക്കുള്ള റെസിഡന്റ് ക്വാർട്ടേഴ്‌സ്, ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 564 കോടി രൂപ മുതൽ മുടക്കുള്ള സർജിക്കൽ ബ്ലോക്കിന്റെ ആദ്യഘട്ട നിർമാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയത്. രണ്ടുവര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ നിർമിക്കുന്നത് .
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ., തോമസ് ചാഴികാടൻ എം.പി. എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.എൻ. വാസവൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംല ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, കളക്ടർ എം. അഞ്ജന, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
മികവിന്റെ കേന്ദ്രം, മികച്ച സേവനം നൽകണം: മുഖ്യമന്ത്രി
കേരളത്തിൽ ആദ്യമായി സർക്കാർ തലത്തിൽ ടെസ്റ്റ് ട്യൂബ് ശിശു പിറന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, സംസ്ഥാനത്ത് ഏറ്റവുമധികം ട്രോമ സർജറികൾ നടത്തുന്ന അസ്ഥിരോഗ വിഭാഗം, ഏറ്റവും വലിയ ഡയാലിസിസ് സെന്റർ, ഏറ്റവും ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിത വിഭാഗം, ഏറ്റവും അധികം മൈക്രോ വാസ്‌കുലാർ സര്‍ജറി നടത്തുന്ന പ്ലാസ്റ്റിക് സർജറി വിഭാഗം തുടങ്ങി മികവിന്റെ കേന്ദ്രമാണ് കോട്ടയം മെഡിക്കൽ കോളേജ്. സർക്കാർ മേഖലയിൽ ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്ത മറ്റൊരു സ്ഥാപനമില്ല. ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് സാധാരണക്കാർക്ക് മികച്ച സേവനം നൽകുന്ന കാര്യത്തിലാകണം ബന്ധപ്പെട്ടവരുടെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
അഭിമാനസ്തംഭം: മന്ത്രി കെ.കെ ശൈലജ
കേരളത്തിന് അഭിമാനസ്തംഭമായി മാറുകയാണ് കോട്ടയം മെഡിക്കൽ കോളേജ് . ഓരോ വിഭാഗങ്ങളും അന്താരാഷ്ട്ര ശ്രദ്ധ പുലർത്താൻ കഴിയുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. നല്ലൊരു ടീം വർക്കാണ് ഈ വിജയത്തിന് പിന്നിൽ. സർജിക്കൽ ബ്ലോക്ക് പ്രവർത്തനസജ്ജമാകുന്നതോടെ കോട്ടയം മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറും.