vellom

ചങ്ങനാശേരി : തുടർച്ചയായി പെയ്യുന്ന മഴ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തുന്നു. ചങ്ങനാശേരി ആലപ്പുഴ റോഡിന്റെ പലഭാഗങ്ങളിലും വെള്ളം കയറിയി. പൂവം പ്രദേശത്തേയ്ക്കുള്ള റോഡ് പൂർണമായും വെള്ളം കയറി. എ.സി കോളനി, പൂവം, അംബേദ്കർ കോളനി തുടങ്ങി, പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെളളം കയറി.

പായിപ്പാട് പഞ്ചായത്തിലെ മൂലേപുതുവൽ, നക്രാൽപുതുവൽ, അറുനൂറിൽപുതുവൽ, കോമങ്കേരിച്ചിറ, എടവന്തറ, എസി കോളനി, എ.സി റോഡ് കോളനി, കാവാലിക്കരിച്ചിറ എന്നിവടങ്ങളിലും, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, തുരുത്തേൽ, പറാൽ, കുമരങ്കരി, നത്തനടിച്ചിറ, ഈരത്രഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, ചീരഞ്ചിറ, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിൽ, വേഷ്ണാൽ കടമാൻചിറ, ഇരുപ്പാതോടിന് ഇരുവശവും, കുറിച്ചി പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങൾ പെരുന്ന അട്ടിച്ചിറ ലക്ഷം വീട് കോളനിയിലും, വാലുമ്മേൽച്ചിറ, മഞ്ചാടിക്കര ഭാഗങ്ങളിലും കോണത്തോടി, മാടത്താനി, ആവണി, മനയ്ക്കച്ചിറ, പൂവം പാലം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ പെട്രോൾ പമ്പിനു സമീപം തുടങ്ങിയ ഭാഗങ്ങളിലും വെള്ളം കയറി തുടങ്ങിയത് കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

മുൻകരുതൽ തുടങ്ങി

മഴ തുടരുന്നതിനാൽ ചങ്ങനാശേരി താലൂക്ക് ഓഫീസ് അധികൃതർ മുൻകരുതൽ നടപടി തുടങ്ങി.

എ.സി കനാലിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. പെരുന്ന ഗവ.എൽ പി എസ് സ്‌കൂളിൽ ഒരു ക്യാമ്പ് തുറന്നു. രണ്ടുപേരാണ് ഇവിടെ താമസിക്കുന്നത്.