പാലാ: തൊടുപുഴ റോഡിൽ പിഴക് പാലത്തിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി കുഴിയിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. കൈവരികളും സോളാർ ലൈറ്റും തകർത്താണ് കാർ പത്തടി താഴ്ചയിലേയ്ക്ക് മറിഞ്ഞത്. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. തൊടുപുഴ ചീനിക്കുഴിയിൽ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കാർ. ഡ്രൈവർ ചീനിക്കുഴി കുന്നപ്പിള്ളിൽ ജൂബി തോമസ് (48) നെ ഗുരുതര പരിക്കുകളോടെയും, യാത്രക്കരനായ ഉടുമ്പന്നൂർ ഇഞ്ചപ്പിള്ളിൽ അഭിജിത്തി (19)നെ നിസ്സാരപരിക്കുകളോടെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ മറിഞ്ഞതിന് സമീപം പിഴകിൽ നിന്നും കടനാടിന് പോകുന്ന റോഡിൽ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയുടെ ഡ്രൈവറായ കടനാട് വല്യാത്ത് സ്വദേശി അനീഷ്ഭവനിൽ ഗിരീഷിന്റെ(35) കാലിൽ കാറിന്റെ ചില്ല് തുളച്ച് കയറി പരിക്കുളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.