കോട്ടയം: ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ നിർമിക്കുന്ന രണ്ടു ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലയിൽ തലയോലപ്പറമ്പ് മിഠായിക്കുന്നിലും വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലുമാണ് നാലു നിലകളുള്ള ഭവനസമുച്ചയങ്ങൾ നിർമിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. സി. കെ. ആശ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വിജയപുരം മാർ അപ്രേം പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശിലാഫലകത്തിന്റെ അനാച്ഛാദനം നിർവഹിക്കും.
ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും
ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചുള്ള പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യയിലൂടെ നിർമിക്കുന്ന ഭവന സമുച്ചയങ്ങൾ ആറു മാസംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്‌സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയിരിക്കുന്നത്. 445 ചതുരശ്ര അടി വിസ്തീർണമുള്ള ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശൗചാലയം എന്നിവ ഉണ്ടാകും. മുതിർന്നവർക്കുള്ള പ്രത്യേക മുറി, സിക്ക് റൂം, കോമൺ ഫെസിലിറ്റി റൂം, റിക്രിയേഷൻ റൂം, ഇലക്ട്രിക്കൽ റൂം, മലിനീകരണ ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം, വാഹന പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കും.
മിഠായിക്കുന്നിൽ 36 വീടുകൾ
തലയോലപ്പറമ്പിൽ വടയാർ വില്ലേജിലെ മിഠായിക്കുന്നിൽ ജലസേചന വകുപ്പിന്റെ 433 സെൻ്റ് സ്ഥലത്ത് ആദ്യഘട്ടത്തിൽ 36 വീടുകളടങ്ങിയ ഭവന സമുച്ചയമാണ് നിർമ്മിക്കുന്നത്. ഇതിന് 5.23 കോടിയാണ് ആകെ ചെലവ്. ഭവനസമുച്ചയ നിർമ്മാണത്തിന് 4.43 കോടി രൂപയും അനുബന്ധ പ്രവൃത്തികൾക്ക് 80 ലക്ഷം രൂപയുമാണ് ചെലവിടുക. തലയോലപ്പറമ്പ് പഞ്ചായത്തിൽ ലൈഫിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ യഥാക്രമം 29ഉം 47ഉം വീടുകൾ വീതം പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവന രഹിതരായ 69 ഗുണഭോക്താക്കളിൽ അഞ്ചു പേർ ഭൂമി വാങ്ങുകയും രണ്ടുപേർ വീടു നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. രണ്ടു വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
ചെമ്പോലയിൽ 44 വീടുകൾ
പൈലറ്റ് പ്രോജക്ടായ വിജയപുരം പഞ്ചായത്തിലെ ചെമ്പോല കോളനിയിലെ ഭവന സമുച്ചയത്തിന്റെ അടിത്തറ നിർമാണം പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ 55.8 സെന്റ് സ്ഥലത്ത് 44 വീടുകളുടെ സമുച്ചയമാണ് നിർമ്മിക്കുന്നത്. ഇതിന് ആകെ 6.37 കോടി രൂപ ആകെ ചെലവ് വരും. ഭവന സമുച്ചയത്തിന് 5.70 കോടി രൂപയും അനുബന്ധ പ്രവൃത്തികൾക്ക് 67 ലക്ഷം രൂപയുമാണ് ചെലവിടുക. വിജയപുരം പഞ്ചായത്തിൽ ലൈഫ് മിഷൻ ആദ്യ ഘട്ടത്തിൽ ആറു വീടുകളും രണ്ടാം ഘട്ടത്തിൽ 14 വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നാംഘട്ടത്തിലെ 74 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളിൽ രണ്ടു പേർ ഭൂമി വാങ്ങി വീടു നിർമാണം തുടങ്ങി.