രണ്ടര വർഷത്തിനിടെ 40 മരണം

പൊൻകുന്നം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ പണി പുരോഗമിക്കുമ്പോൾ പ്രദേശവാസികൾക്ക് ഒരേസമയം ആഹ്ലദവും ആശങ്കയും. റോഡ് നവീകരണത്തിലൂടെ നാടിന്റെ വികസനവും പുരോഗതിയും ഓർത്ത് സന്തോഷിക്കുമ്പഴും പണി പൂർത്തിയായ പൊൻകുന്നം - പാലാ റോഡിൽ നിരന്തരമുണ്ടാകുന്ന അപകടവാർത്തകളാണ് നാട്ടുകാരെ ആശങ്കാകുലരാക്കുന്നത്.

രണ്ടരവർഷത്തിനിടെ ഇരുന്നൂറിലേറെ അപകടം. ജീവൻ നഷ്ടപ്പെട്ടത് 40 പേർക്ക്. ഭേദമാകാത്ത പരിക്കുകളോടെ ജീവിതം തള്ളിനീക്കുന്നവർ‌ നിരവധി. 21 കിലോമീറ്റർ മാത്രമുള്ള റോഡിലാണ് ഇത്രയും അപകടങ്ങൾ. പരിഹാരം വേണമെന്ന് നാറ്റ്പാക് പഠനത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ നിർദേശങ്ങൾ ഇതുവരെ പാലിക്കപ്പെട്ടില്ല. കെ.എസ്.ടി.പി.നിർമിച്ച റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതാണ്.

വാഗ്ദാനങ്ങൾ ജലരേഖ

റോഡിന്റെ അപകടാവസ്ഥയെക്കുറിച്ചും ഏറ്റവുമധികം അപകടം നടക്കുന്ന ഇടങ്ങളെക്കുറിച്ചും സമഗ്രമായ പഠനം ഇനിയും നടന്നിട്ടില്ല. അമിതവേഗക്കാരെ കുടുക്കാൻ കാമറ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാക്കാനായില്ല. കൂടാതെ വിവിധസ്ഥലങ്ങളിൽ കോൺവെക്‌സ് മിറർ, മീഡിയനുകൾ എന്നിവയുമില്ല. ഹൈവേയായി വികസിപ്പിച്ചിട്ടും ഇക്കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ അധികൃതർ കൊടുത്തിട്ടില്ല.