വൈക്കം: ടി.വി.പുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന ബൃഹത്ത് പദ്ധതിക്കായി നിർമ്മിച്ച ടാങ്കിന്റെ ഉദ്ഘാടനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. 4 ലക്ഷത്തി ഇരുപതിനായിരം ലിറ്റർസംഭരണ ശേഷിയുള്ള ടാങ്കാണ് ടി.വി.പുരം ചേരിക്കൽ പ്രദേശത്ത് നിർമ്മിച്ചിട്ടുള്ളത്. മൂന്നു വശവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ടി.വി.പുരം ഗ്രാമത്തിന്റെ അടിസ്ഥാന പ്രശ്‌നത്തിനാണ് ഇതുവഴി പരിഹാരമായത്. വർഷങ്ങൾക്ക് മുൻപ് പറക്കാട്ടുകുളം, പടിക്കൽ കുളം വാട്ടർ ടാങ്കുകൾ നിർമ്മിച്ച് ജലം സംഭരിച്ച് വിതരണം ചെയ്തിരുന്നു. ജനബാഹുല്യം പരിഗണിച്ചാണ് പുതിയ ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. 253 ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ ഉന്നതതല ജല സംഭരണി, ടാങ്ക് സൈറ്റിലേക്ക് 100 മീറ്ററിലധികം വരുന്ന ടാർ ചെയ്ത റോഡ്, പ്രസ്തുത റോഡിലൂടെയുള്ള പൈപ്പ് ലൈനും ടാങ്കിന്റെ ചുറ്റുമതിലും അനുബന്ധ പ്രവർത്തികളും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തിലുടനീളം കുടിവെള്ളമെത്തിക്കുന്നതിന് പുതിയ പൈപ്പ് ലൈൻ ഇടുന്നതിന് കേരള പുനർ നിർമ്മാണ പദ്ധതി പ്രകാരം 10 കോടി 35 ലക്ഷം രൂപയും അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായി.