കട്ടപ്പന: ജില്ലയിലെ ആദ്യകാല നാടകകൃത്തായിരുന്ന ഡോ. ഗോപാലകൃഷ്ണന്റെ സ്മരണാർത്ഥം നാടക് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ നാടകമേളമൂന്നാംപതിപ്പ്ഇന്ന് മുതൽ ആരംഭിക്കും. നാടകിന്റെ ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന മേള സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും. 12 മുതൽ 18 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹൈറേഞ്ചിലെ കലാകാരൻമാർ അണിനിരക്കുന്ന നാടകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ആദ്യദിനത്തിലെ നാടകമായ 'പാടലിപുത്ര'ത്തിൽ ഇടുക്കിയിലെ മൂന്നു തലമുറയിൽപെട്ട മൂന്നു നടൻമാർ അഭിനയിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തത്ത്വമസി, ഓഫ് ഹെവൻ, കള്ളന്റെ വെളിച്ചം, തെളിവെടുപ്പ്, ദേവയാനി എന്നിവയും പ്രദർശിപ്പിക്കും. 29 ന് സമാപന ദിനത്തിലെ നാടകത്തിൽ പെൺകുട്ടികൾ മാത്രം അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കൊവിഡ് കാലഘട്ടത്തിൽ നിശ്ചലമായ നാടക മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ഓൺലൈൻ നാടകമേളയിലൂടെ. ആദ്യ രണ്ട് പതിപ്പുകൾക്കും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. നാടക് ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജൻ, സെക്രട്ടറി ഇ.ജെ. ജോസഫ്, ട്രഷറർ കെ.സി. ജോർജ്, എം.സി. ബോബൻ എന്നിവർ നേതൃത്വം നൽകും.