kanjav

കോട്ടയം: കോട്ടയത്തേക്ക് പിക്കപ്പ് വാനിൽ തമിഴ്നാട്ടിൽനിന്നും കൊണ്ടുവരവേ 256 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ. നാലുപേർ ഓടി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ തേനി പൊലീസാണ് രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവ് ചാക്കുകൾ പിടിച്ചെടുത്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച പിക്കപ്പ് വാനും അകമ്പടിപോയ കാറുകളും ബൈക്കുകളും പൊലീസ് കസ്റ്റഡ‌ിയിലെടുത്തിട്ടുണ്ട്.

കോട്ടയത്തെ ഒരു മൊത്തക്കച്ചവടക്കാരനുവേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് തേനി പൊലീസ് കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ആന്ധ്രയിൽ നിന്നും തേനിയിൽ എത്തിച്ചാണ് കഞ്ചാവ് കോട്ടയത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇതിനുമുമ്പും കിലോക്കണക്കിന് കഞ്ചാവ് ആന്ധ്രയിൽ നിന്നും ഇവർ എത്തിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കോട്ടയം സ്വദേശി ഫൈസൽ (24), കുമളി റോസാപൂക്കണ്ടം സ്വദേശി സ്റ്റാർവിൻ (28), കമ്പം സ്വദേശി നവിൻകുമാർ (36) എന്നിവരും കമ്പം സ്വദേശികളായ വേൽമുരുകൻ (45), കുബേന്ദ്രൻ (37) എന്നിവരുമാണ് അറസ്റ്റിലായത്. വേൽമുരുകനെയും കുബേന്ദ്രനെയും 176 കിലോ കഞ്ചാവുമായി കമ്പം ട്രാൻസ്പോർട്ട് ഓഫീസിനു സമീപത്തുവച്ചും ഫൈസൽ, നവീൻ കുമാർ, സ്റ്റാർവിൻ എന്നിവരെ 80 കിലോ കഞ്ചാവുമായി വീരപാണ്ടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

ആന്ധ്രയിൽ നിന്നും കമ്പം വഴി കേരളത്തിലേക്ക് കഞ്ചാവ് വൻതോതിൽ കടത്തുന്നുണ്ടെന്ന് തേനി ജില്ലാ പൊലീസ് ചീഫ് സായിശ്വരനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് വാഹനം പരിശോധിക്കാൻ ഉത്തരവായത്. തുടർന്ന് വാഹനങ്ങൾ പരിശോധിക്കവേയാണ് കേരളത്തിലേക്ക് കടത്താനായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. വിവരം ചോർന്നതിനെതുടർന്ന് ഒരു വാഹനം വഴിതിരിച്ച് വിട്ട് രക്ഷപ്പെട്ടു. എത്ര കിലോ കഞ്ചാവ് ഈ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല.