theruvunaykal

വൈക്കം : വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ പിടികൂടി. ഇവയെ വന്ധ്യംകരിച്ച് മൂന്നു ദിവസം കൂട്ടിലടച്ച് സംരക്ഷിച്ചശേഷം പിടികൂടിയ സ്ഥലങ്ങളിൽ വിട്ടയക്കും.നഗരത്തിലെ 26 വാർഡുകളിൽ നിന്നുമായി 290 തെരുവുനായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിക്കുന്നത്. ഊട്ടിയിലെ കുന്നൂറിൽ നിന്ന് 15 ദിവസത്തെ പരിശീലനം നേടിയ വൈക്കം കിഴക്കേ നട സ്വദേശികളായ ബീന, ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നായ്ക്കളെ വലയിൽ കുടുക്കി പിടികൂടുന്നത്.

പ്രവാസിയായിരുന്ന ബീനയുടെ ഭർത്താവ് വി.എസ്.അനീഷും നായ പിടിക്കുന്നതിൽ പരിശീലനം നേടി ഭാര്യയുടെ തുണയ്ക്കുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബീന ഒരു സുഹൃത്തുവഴി നായ പിടുത്ത പരിശീലനത്തെക്കുറിച്ചറിഞ്ഞാണ് സാഹസികമായ ഈ പണിയിലേക്ക് എത്തിയത്. ഇന്നലെ 28 നായ്ക്കളെ പിടികൂടാൻ ശ്രമിച്ച ഇവർക്ക് 24 നായ്ക്കളെ കുട്ടിലാക്കാനായി. നാലു ലക്ഷം രൂപയാണ് 190 നായ്ക്കളെ പിടികൂടാൻ നഗരസഭ അനുവദിച്ചിരിക്കുന്നത്. കുത്തിവയ്പിനുള്ള ചെലവും നായ്ക്കളുടെ ഭക്ഷണവും നായ പിടിക്കുന്നവരുടെ വേതനവും വാഹന കൂലിയും ഇതിൽ ഉൾപ്പെടും. പദ്ധതിക്കായി നഗരസഭ രണ്ടു ലക്ഷം രൂപ വിനിയോഗിച്ചിരുന്നു.