വൈക്കം : ജീവിച്ചിരിക്കുന്നവരെ പരേതരാക്കിയും മരിച്ചവരെക്കൊണ്ട് അപേക്ഷ കൊടുപ്പിച്ചും വാർഡ് തല പ്രവർത്തനങ്ങൾ സജീവം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ചിലരെല്ലാം.
വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ ജീവിച്ചിരിക്കുന്ന ഏതാനും വോട്ടർമാരെ മരണപ്പെട്ടതിനാൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആക്ഷേപം നൽകിയിരുന്നത്. പഞ്ചായത്തിൽ നിന്ന് നോട്ടീസ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ 'മരണപ്പെട്ടവർ' ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ പേരിലാണ് പഞ്ചായത്തിൽ ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി ആക്ഷേപം നൽകിയതെന്ന് സി.പി.എം പ്രവർത്തകർ ആരോപിച്ചു. ഉദയനാപുരം പഞ്ചായത്ത് അഞ്ചാംവാർഡിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ സഹോദരിയെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ പരാതി നൽകിയിരിക്കുന്നത് പരേതനാണ്. 28 വർഷം മുൻപ് മരിച്ചുപോയ ആളിന്റെ പേരിലാണ് ആക്ഷേപം. പരേതനായ പിതാവിനെ പരാതിക്കാരനാക്കിയതിൽ മക്കൾക്ക് പ്രതിഷേധമുണ്ടെന്നും വ്യാജ പരാതിക്ക് പിന്നിൽ സി.പി.എം ആണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിൻസ് ആരോപിച്ചു.