കട്ടപ്പന: ഒരാഴ്ചയിലധികമായി തുടരുന്ന കനത്തമഴയിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ സന്ദർശകരുടെ തിരക്കേറുന്നു. കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനയാത്രികരാണ് വെള്ളച്ചാട്ടം ആസ്വദിച്ച് വളഞ്ഞങ്ങാനത്ത് ഏറെനേരം ചെലവഴിച്ച് മടങ്ങുന്നത്. ഏകദേശം 75 അടി ഉയരത്തിൽ നിന്നു ജലപാത പാറക്കെട്ടുകളിൽ തട്ടിത്തടവി താഴേയ്ക്ക് പതിക്കുന്നത് മനോഹരമായ കാഴ്ചയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നിരോധിച്ചിട്ടുള്ളതിനാൽ ദേശീയപാതയോരത്തെ വെള്ളച്ചാട്ടം കാണാൻ കാഴ്ചക്കാരുടെ തിരക്കേറി. ഒരാഴ്ചയിലധികമായി ജില്ലയിൽ കനത്ത മഴ പെയ്തതോടെ വെള്ളച്ചാട്ടവും ജലസമൃദ്ധമായി. പാറക്കെട്ടിലൂടെ വെള്ളം താഴേയ്ക്ക് പതിച്ച് ജലകണങ്ങൾ മുകളിലേക്ക് ഉയർന്നുവരുന്നതും സന്ദർശകർ ഏറെ ആസ്വദിക്കുന്നു.
കൊവിഡ് വ്യാപന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകർ ഇവിടെയെത്തുന്നത്. ദേശീയപാതയോരത്തുനിന്ന് സമൃദ്ധമായ വെള്ളച്ചാട്ടത്തെ പശ്ചാത്തലമാക്കി ചിത്രങ്ങൾ പകർത്തുന്ന തിരക്കിലാണ് എല്ലാവരും. കൂടാതെ വെള്ളച്ചാട്ടത്തിന്റെ അടിവശത്ത് എത്തി കുളിക്കുന്നവരും കുറവല്ല. മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീണപ്പോൾ നാടുചുറ്റാനെത്തുന്നവർക്ക് ഏറെ ആശ്വാസകരമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.
മാസങ്ങളോളം നിശ്ചലമായിരുന്ന ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളും സന്ദർശകരുടെ വരവോടെ സജീവമായിട്ടുണ്ട്. മലയാളം അടക്കം നിരവധി ചലച്ചിത്രങ്ങളും പരസ്യ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് ചെറിയതോതിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.