തലനാട് : ഗ്രാമങ്ങളുടെ സമഗ്രമായ വികസനമാണ് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാനമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ പറഞ്ഞു. തലനാട് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷം 3 കോടി 25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ പലഘട്ടത്തിലായി നടക്കുകയാണ്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 80 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇല്ലിക്കൽ കല്ല്, അയ്യമ്പാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ.പ്രേംജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സതി വിജയൻ, ബ്ലോക്ക് മെമ്പർ രോഹിണി ഭായി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ആശ രാജു, എ.എൻ.രാമകൃഷ്ണൻ, എ.കെ.വിനോദ്, ലിൻസി ലാലിച്ചൻ, ജോണി തോമസ്, മനോജ് വി.കെ, മോഹൻകുമാർ, മേരിക്കുട്ടി ആൻഡ്രൂസ്, ഷീജ സുബൈർ, ഡാലിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.