കുറിച്ചി : ഒന്ന് ശരിയാക്കും, മറ്റൊന്ന് മിഴിയടയ്ക്കും. ലക്ഷങ്ങൾ മുടക്കി പ്രധാന ജംഗ്ഷനുകളിൽ കുറിച്ചി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സോളാർ വഴി വിളക്കുകൾ പ്രകാശിക്കാതായിട്ട് വർഷങ്ങളാകുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് വഴിവിളക്കുകൾ നശിക്കുന്നതിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡരികിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളും തെളിയുന്നില്ല. ഇതോടെ രാത്രികാലങ്ങളിലെ കാൽനടയാത്ര ദുഷ്‌കരമായിരിക്കുകയാണ്.

മലകുന്നം ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിലെ സോളാർലൈറ്റുകൾ പൂർണമായും തകർന്ന നിലയിലാണ്. പലതും വാഹനം ഇടിച്ച് തകർന്നു. സോളാർ വഴിവിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള റീച്ചാർജബിൾ ബാറ്ററിയും, പൈപ്പും, സോളാർ പാനലും മോഷണം പോകുന്നതും പതിവാകുകയാണ്. കാലായിൽപ്പടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് ടിപ്പർ ഇടിച്ച് മറിഞ്ഞു കിടന്നത് കാണാതായ നിലയിലാണ്.

അപകടങ്ങൾ തുടർക്കഥ

വഴിവിളക്കുകൾ കത്താത്തതിനാൽ രാത്രികാലങ്ങളിൽ അപകടങ്ങളും തുടർക്കഥയായി. പുലർച്ചെ ജോലിക്കായി പോകുന്നവരും, പ്രഭാത സവാരിക്കാരും വഴിവിളക്കില്ലാത്തതിനാൽ തെരുവ് നായ്ക്കളുടെ മുന്നിൽ ചെന്ന് പെടുന്നതും പതിവാണ്. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ഇത്തിത്താനം വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പ്രസന്നൻ ഇത്തിത്താനം അദ്ധ്യക്ഷനായി.

രാത്രികാലങ്ങളിൽ വഴിയാത്ര ദുഷ്‌കരം

സാമൂഹ്യവിരുദ്ധശല്യം രൂക്ഷം

സ്ത്രീകളും കുട്ടികളും ഭീതിയിൽ