അടിമാലി: അടിമാലി ടൗണിൽ നെടുങ്കണ്ടം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.നെടുങ്കണ്ടം സ്വദേശിയായ മോഹന (55)നെയാണ് ടൗണിൽ ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്തെ വസ്ത്ര വ്യാപാരശാലയുടെ വരാന്തയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് രക്തം പടർന്നിരുന്നു.സംഭവത്തെ തുടർന്ന് അടിമാലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.രക്തം പടർന്നിരുന്നതിനാൽ ഫോറൻസിക് വിദഗ്തരെത്തി സാമ്പിളുകൾ ശേഖരിച്ചു.മരിച്ച മോഹനന് ക്ഷയരോഗം ഉണ്ടായിരുന്നതായും ഇയാൾ വീട് വിട്ട് പലയിടങ്ങളിൽ താമസിച്ച് വന്നിരുന്ന പ്രകൃതക്കാരനായിരുന്നുവെന്നുമാണ്പൊലീസ് നൽകുന്ന വിവരം.രോഗം മൂർഛിച്ചതിനെ തുടർന്നാണോ മരണം സംഭവിച്ചതെന്ന കാര്യത്തിലും മരണത്തിൽ മറ്റെന്തെങ്കിലും അസ്വഭാവികത ഉണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.പോസ്റ്റുമോർട്ട റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ട മറ്റിതര റിപ്പോർട്ടുകളും ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അടിമാലി സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ജോർജ്ജ് പറഞ്ഞു.