mahila-morcha

കട്ടപ്പന: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ട് മഹിളാ മോർച്ച ജില്ലാ കമ്മിറ്റി കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞതോടെ പൊലീസുമായി ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് ചാടിക്കടന്നു. ഇതിനിടെ പ്രവർത്തകരിൽ ഒരാൾ പൊലീസിന്റെ പക്കൽ നിന്നു പിടിച്ചുവാങ്ങി എറിഞ്ഞ ഹെൽമറ്റ് പതിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു.
ഇടുക്കിക്കവലയിൽ നിന്നും നൂറോളം പേർ അണിനിരന്ന മാർച്ച് കട്ടപ്പന പൊലീസ് സ്റ്റേഷനുസമീപം ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. തുടർന്നാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. ഏതാനും പേർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
രാജ്യത്തെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്.മേനോൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൗമ്യ ജിനേഷ്, വൈസ് പ്രസിഡന്റുമാരായ ലതിക അനിൽ, ശ്രീവിദ്യ രാജേഷ്, സെക്രട്ടറി വിജി ബാബു, മണ്ഡലം ഭാരവാഹികളായ മിനി സുധീപ്, സുനിൽ ജി. ജയ്‌സിംഗ്, അഞ്ജലി ദേവി, വൽസ ബോസ്, സിന്ധു അഭിലാഷ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാർ, ജില്ലാ ഭാരവാഹികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ. കുമാർ, അഡ്വ. അമ്പിളി അനിൽ, നേതാക്കളായ വിഷ്ണു പുതിയേടത്ത്, പി. പ്രബീഷ്, കെ.എൻ. പ്രകാശ്, പ്രസാദ് വണ്ണപ്പുറം, രതീഷ് വരകുമല, അജേഷ്‌കുമാർ. ജി തുടങ്ങിയവർ പങ്കെടുത്തു.