attack

ചങ്ങനാശേരി: ബൈക്കിലെത്തി മൂന്നു പൊലീസ് സ്റ്റേഷനുകൾക്കുനേരെ കല്ലെറിഞ്ഞ ഒരാൾ അറസ്റ്റിൽ. മറ്റെയാളെ തെരയുന്നു. വാലടി സ്വദേശിയായ സൂരജിനെയാണ് (20) കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ശ്യാം എന്നയാളാണ് ഒപ്പമുണ്ടായിരുന്നത്. ഇയാളെ കിട്ടിയില്ല.
കഴിഞ്ഞ ദിവസം രാത്രി 11-ന് കറുകച്ചാൽ, 11.30ന് ചങ്ങനാശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഇവർ കല്ലുകൾ എറിഞ്ഞിട്ട് പാഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ചങ്ങനാശേരി സ്റ്റേഷനിലെ പാറാവുകാരൻ ഇവരെ കണ്ടു. തുടർന്ന് രേഖാചിത്രം തയ്യാറാക്കി ഇതര പൊലീസ് സ്റ്റേഷനുകളിൽ നൽകി. തുടർന്നാണ്
വാലടിയിൽ നിന്ന് സൂരജിനെ അറസ്റ്റ് ചെയ്തത്. വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ ചങ്ങനാശേരി പൊലീസ് അന്വേഷിച്ചുവരുന്നു. സൂരജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.