പാലാ : മുത്തോലി, രാമപുരം, മീനച്ചിൽ, ഭരണങ്ങാനം പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. മുത്തോലി പഞ്ചായത്തിൽ ഇന്നലെ 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി. രാമപുരത്ത് കോളേജുമായി ബന്ധപ്പെട്ട് ഇന്നലെ 7 പേർക്ക് കൂടി രോഗം കണ്ടെത്തി. പാലവേലി ഭാഗത്തെ പൊതുപ്രവർത്തകന് രോഗം കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശം. ഭരണങ്ങാനം പഞ്ചായത്തലെ ഒരു കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ ആന്റിജൻ പരിശോധനയിൽ 13 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.
രാമപുരത്താണ് ഏറെ ആശങ്ക ഉയർന്നിരിക്കുന്നത്. രോഗവ്യാപന സാദ്ധ്യതയുള്ളതിനാൽ ഇന്ന് മുതൽ രാമപുരം ടൗണിൽ കർശന നിയന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പും പൊലീസും അറിയിച്ചു. കടകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും.
മീനച്ചിൽ പഞ്ചായത്ത് എഴാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് രോഗം കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കി. 45ലേറെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നത്. ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മേഖലയിൽ 50ലേറെ പേർക്ക് ആന്റിജൻ പരിശോധന നടത്തും. സമ്പർക്കം വ്യാപകമായതിനാൽ കടയം, തെങ്ങുംതോട്ടം മേഖല കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മുതൽ പൈക ലിറ്റിൽ ഫ്‌ളവർ എൽ.പി.എസിൽ 100ലേറെ പേർക്ക് സ്രവപരിശോധന നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായി. ഡ്രൈവർമാർ, സ്ഥാപന ജീവനക്കാർ, വ്യാപാരികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഭരണങ്ങാനം പഞ്ചായത്തിൽ ആറാം വാർഡിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 13 പേർക്ക് രോഗം കണ്ടെത്തി.
കോഴായിൽ വീണ്ടും ആന്റിജൻ ടെസ്റ്റ്
കോഴാ അഞ്ചാം വാർഡിൽ വീണ്ടും ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള ക്രമീകരണമൊരുക്കി. കൂടല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് പ്രത്യേക സ്‌ക്വാഡ് വാർഡിലെത്തി ഇന്ന് പരിശോധന നടത്തും. അറുപതോളം പേരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹോളിക്രോസ് കോൺവെന്റ്, സെന്റ് ഫ്രാൻസിസ് ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിലായാണ് ടെസ്റ്റിംഗ് സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്.
എലിക്കുളത്ത് 29 പേർക്ക് കൊവിഡ്
മല്ലികശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന മാറ്റ് കമ്പിനിയിലെ 29 തൊഴിലാളികൾക്ക് കൂടി
കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ ദിവസം ഇവിടെ ജോലി ചെയ്യുന്ന 7 അന്യസംസ്ഥാന തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് സമ്പർക്ക ബാധയുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.