alex

പാലാ: കൊവിഡ് കാലത്ത് തനിച്ചിരുന്ന് ബോറഡിക്കുന്ന ആളുകൾക്ക് ഹരമായി ഓൺലൈൻ 'ഓർമ്മപ്പറച്ചിൽ'. റിട്ട.എസ്.പി അലക്സ് എം.വർക്കി തന്റെ സർവീസ് അനുഭവങ്ങൾ പങ്കുവച്ചു. ആത്മഹത്യ ചെയ്യാൻ പോവുന്നവർ ഒരു നിമിഷം ചിന്ത മാറ്റിയാൽ അതിൽനിന്നും പിന്മാറും. അതിന് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നല്ലൊരുപങ്ക് വഹിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. "പാലാ സഫലം 55 പ്ലസ് " എന്ന സംഘടനയാണ് ഓൺലൈൻ "ഓർമ്മപ്പറച്ചിൽ " പരിപാടി സംഘടിപ്പിച്ചത്.

''സഫലം 55 പ്ലസ്'' പ്രസിഡന്റ് ജോർജ് സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി വി.എം. അബ്ദുള്ളാ ഖാൻ, അലക്സ് മേനാമ്പറമ്പിൽ, ആർ.സുനിൽകുമാർ, സീനു പൊൻകുന്നം, തോമസ് മൂന്നാനപ്പിള്ളി, സൂസമ്മ, ഓമന രാജൻ ,അജിത കൂരോപ്പട, കെ.ജി.രമണിക്കുട്ടി, ഉഷാ ശശിധരൻ , സുകുമാരി, സുഷമ, എസ്. എസ്. ലക്ഷ്മി, ലീല തുടങ്ങിയവർ സംസാരിച്ചു. അലക്സ് .എം. വർക്കിയുടെ സർവ്വീസ് അനുഭവങ്ങൾ ചേർത്തുള്ള "ഓർമ്മപ്പറച്ചിൽ " തുടരുമെന്ന് വി. എം. അബ്ദുള്ള ഖാൻ പറഞ്ഞു.

അലക്സ് .എം. വർക്കിയുടെ സർവീസോർമ്മകൾ

1991ൽ അങ്കമാലിയിൽ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് അലക്സ് എം.വർക്കി തന്റെ സർവീസ് അനുഭവങ്ങളുടെ കെട്ടഴിച്ചത്. ഒരു കോളജ് വിദ്യാർത്ഥിനിയുടെ റെക്കാഡ് ബുക്കിൽ നിറയെ തെറ്റുകൾ. ക്ലാസ് മുറിയിൽ സഹപാഠികളുടെ മുന്നിൽ വെച്ച് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ കടുത്ത ഭാഷയിൽ ശകാരിച്ചു. അപമാനവും സങ്കടവും സഹിക്കവയ്യാതെ അവൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.

കോളജിൽ നിന്നു മടങ്ങവെ തന്റെ സന്തത സഹചാരികളായ രണ്ട് കൂട്ടുകാരികളോട് അവൾ ഈ തീരുമാനം അറിയിച്ചു. പെൺകുട്ടിയെ വഴിതിരിച്ചുവിടുന്നതിന് പകരം ഉറ്റസുഹൃത്തുക്കളായതിനാൽ അവരും അവളോടൊപ്പം ആത്മഹത്യക്ക് ഒരുങ്ങി. മൂവരും ഒരുമിച്ച് റെയിൽപാളത്തിലേക്ക് നടന്നു. പാളത്തിൽ തല വച്ചെങ്കിലും ഒരു കുട്ടി രക്ഷപ്പെട്ടു. മറ്റ് രണ്ടുപേർ തത്ക്ഷണം മരിച്ചു. മരിക്കാൻ കൂട്ടുകാരിക്ക് കൂട്ടുപോയതാണെന്ന് ആ പെൺകുട്ടിയും മരിച്ചിരുന്നെങ്കിൽ പുറംലോകം അറിയുമായിരുന്നില്ല. കെട്ടുകഥകൾ പ്രചരിക്കുകയും ചെയ്യും.
ബന്ധുക്കളുടെ മുന്നിൽ മകൾ കയർത്ത് സംസാരിച്ചുതാണ് ആലുവയിൽ ഒരച്ഛൻ ആത്മഹത്യ ചെയ്യാൻ കാരണം. വഴക്കുണ്ടായപ്പോൾ ഭാര്യ തന്നോട് മോശമായി സംസാരിച്ച ദേഷ്യത്തിൽ മേലുകാവിൽ ഒരാൾ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി. ഇത് കഴിഞ്ഞപ്പോൾ ഇയാൾക്ക് കുറ്റബോധമുണ്ടായി. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ വാവിട്ട് നിലവിളക്കുകയായിരുന്നു. നേരനുഭവങ്ങൾ പങ്കിട്ടപ്പോൾ മുൻ എസ്.പിയും വികാരഭരിതനായി.