covid

സമ്പർക്ക രോഗികൾ 95 ശതമാനത്തിന് മുകളിൽ

കോട്ടയം : സമ്പർക്കരോഗികളുടെ എണ്ണവും മരണവും വർദ്ധിച്ചതോടെ കോട്ടയത്ത് കൊവിഡ് വ്യാപനം കൈവിട്ട നിലയിലായി. ഇതിനകം മരണം ഒരു ഡസന് മുകളിലായി. പരിശോധന നടക്കുന്ന ദിവസങ്ങളിൽ 200നും 300നും ഇടയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്യുന്നതും പതിവായി. 95 ശതമാനത്തിൽ ഏറെപ്പേർക്കും സമ്പർക്കം വഴി രോഗം പകരുന്ന ഗുരുതര സ്ഥിതിയാണ് കോട്ടയത്തിപ്പോൾ. ഇരുപതിനായിരത്തോളം ആളുകൾ ക്വാറന്റൈനിലാണ്. രോഗബാധിതർ പതിനായിരത്തിനടുത്തെത്തി. മൂവായിരംപേരോളം ചികിത്സയിലാണ്. രോഗ മുക്തി ആറായിരത്തിൽ താഴെയാണ്.

ഒട്ടും കൂസലില്ലാതെ...

മാസ്ക്ക് ധരിക്കാത്തതിനും കൊവിഡ് പ്രതിരോധം ലംഘിക്കുന്നതിനും രണ്ടായിരത്തോളം പേർക്കെതിരെ നിത്യേന കേസെടുത്തിട്ടും അലംഭാവത്തോടെയുള്ള പൊതുജനങ്ങളുടെ ഇടപെടലാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായി അധികൃതർ പറയുന്നത്. രോഗനിയന്ത്രണത്തിന് സാനിറ്റൈസറും സോപ്പുലായനിയും മിക്ക സ്ഥാപനങ്ങൾക്കും എ.ടി.എമ്മുകൾക്ക് മുന്നിലും വച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഒഴിഞ്ഞ കുപ്പി മാത്രമാണ് പലയിടത്തും കാണാൻകഴിയുക. മുഖം മറച്ച് മാസ്ക് ധരിക്കുന്നവരും കുറഞ്ഞു. ബോധവത്ക്കരണ പ്രവർത്തനങ്ങളോടും പലരും മുഖം തിരി‌ഞ്ഞുനിൽക്കുകയാണ്.

ക്ലസ്റ്റർ പരീക്ഷണം പാളിയോ?

എം.ആർ.എഫ്, പാരഗൺ തുടങ്ങിയ വൻകിട സ്ഥാപനങ്ങൾക്ക് പുറമേ പ്രമുഖ സ്വർണക്കടകൾ, വസ്ത്ര വ്യാപാര ശാലകൾ, ഗൃഹോപകരണ ശാലകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിലെ നിരവധി ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ സ്ഥാപനങ്ങൾ അടയ്ക്കാതെ രോഗബാധിതരെ മാത്രം ഒഴിവാക്കി പ്രവർത്തിപ്പിക്കുന്ന ക്ലസ്റ്റർ സംവിധാനം വന്നതോടെ രോഗവ്യാപനം കൂടിയെന്ന പരാതി ജനങ്ങൾക്ക് ഉണ്ടെങ്കിലും ജില്ലാ ഭരണകൂടം നിഷേധിക്കുകയാണ്. കോടിമത പച്ചക്കറി ,മത്സ്യ മാർക്കറ്റുകളിലെ പരിശോധനയിൽ നിരവധിപേർ കൊവിഡ് ബാധിതരെന്ന് കണ്ടെത്തിയിരുന്നു. മാർക്കറ്റ് അടച്ചിടാൻ വ്യാപാരി വ്യവസായിസംഘടന തയ്യാറായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനുവാദം ലഭിച്ചില്ല. രോഗബാധിതരുള്ള സ്ഥാപനങ്ങളുടെ പേരും മറച്ചുവയ്ക്കുകയാണ്.

ബസുകളിലും തിരക്ക്

പൊലീസിന്റെ കർശന പരിശോധന ഇല്ലാതായതോടെ ബസുകളിൽ യാത്രക്കാർ സീറ്റുകളിൽ അകലം പാലിക്കാറില്ല. യാത്രക്കാരെ നിറുത്തി കൊണ്ടുപോകരുതെന്ന നിർദ്ദേശവും പാലിക്കാറില്ല. പല ആശുപത്രികളിലും കൊവിഡ് രോഗികളെയും സാധാരണ രോഗികളെയും അഡ്മിറ്റ് ചെയ്യുന്നു. ഡോക്ടർമാർ പോസിറ്റീവായാലും ആശുപത്രി അടപ്പിക്കുന്നില്ല. സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശമനസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ശ്രദ്ധ പതിപ്പിച്ച് മറ്റിടങ്ങളിലെ നിയന്ത്രണങ്ങൾ എടുത്തുകളയുകയാണ്.