varun

കോട്ടയം: തെള്ളകം ഓൾഡ് എം.സി റോഡരികിലെ അബാദ് റോയൽ ഗാർഡൻ ഫ്ലാറ്റിന്റെ ഏഴാം നിലയിലേയ്‌ക്ക് പടികയറിയെത്തിയിരിക്കുകയാണ് ഇക്കുറി റാങ്ക് തിളക്കം. എൻജിനീയറിംഗ് പ്രവേശനത്തിന് ഒന്നാം റാങ്ക് നേടിയ

മാന്നാനം കെ.ഇ സ്‌കൂൾ വിദ്യാർത്ഥി കെ‌.എസ് വരുണാണ് ഈ നേട്ടം കൊണ്ടുവന്നത്. മന്ത്രി കെ.ടി ജലീൽ റാങ്ക് പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് പിതാവ് തിരുവനന്തപുരം എരീസ് ഗ്രൂപ്പ് ഡയറക്ടറായ കെ.ഷിബുരാജും, മാതാവ് എം.ജി. സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ആർ. ബിന്ദുവും വിവരം അറിഞ്ഞത്.

ഏഴാം ക്ലാസ് മുതൽ ഐ.ഐ.ടിയായിരുന്നു ലക്ഷ്യമെന്ന് വരുൺ പറഞ്ഞു.

കടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ പഠനത്തിനു ശേഷം കെ.ഇ സ്‌കൂളിൽ പ്ലസ് ടു പഠനം ആരംഭിച്ചതു മുതൽ എൻട്രൻസ് പരിശീലനത്തിൽ ശ്രദ്ധ നൽകിയിരുന്നു. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ 690-ാം റാങ്ക് നേടിയ വരുൺ ജെ.ഇ അഡ്വാൻസ് എഴുതാനുള്ള ഒരുക്കത്തിലായിരുന്നു. മുംബയ് അല്ലെങ്കിൽ ചെന്നൈ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസോ, ഇലക്ട്രോണിക്സോ പഠിക്കാനാണ് താല്പര്യം. സഹോദരി വർഷ ഷിബുരാജ് എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.

ലോക്ക് ഡൗൺ തുണച്ചു

ഏഴാം ക്ലാസ് മുതൽ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിലെന്ന് വരുൺ പറഞ്ഞു. അദ്ധ്യാപകരും മാതാപിതാക്കളും മികച്ച പിന്തുണ നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് കൂടുതൽ പഠിക്കാൻ സാധിച്ചതും, പരീക്ഷകൾ മാറ്റിവച്ചതും ഗുണം ചെയ‌്തെന്ന് വരുൺ പറഞ്ഞു.