തലയോലപ്പറമ്പ് :കൊവിഡ്ക്കാലത്ത് സങ്കട കാഴ്ചയായി മാറിയിരുന്ന കോമളത്തിന് തലചായ്ക്കാൻ ഇടമായി.
തലയോലപ്പറമ്പ് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം താമസിക്കുന്ന പട്ടശ്ശേരിൽ കോമളത്തിന് സുമനസുകളുടെ സഹായത്താലാണ് വീടെന്ന സ്വപ്നം യാഥാർഥ്യമായത്.
കഴിഞ്ഞ പ്രളയ കാലത്താണ് വീടിന്റെ മേൽക്കൂര തകർന്ന് വീണത്. വീട് പുനർനിർമ്മിക്കുന്നതിന് വേണ്ടി സർക്കാർ ഓഫീസുകൾ ഏറെ കയറിയിറങ്ങിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിധവയായ കോമളം കൂലിപ്പണി എടുത്താണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. രോഗിയായ മകൻ മാത്രമായിരുന്നു ഇവരുടെ തുണ. തുച്ഛമായ വരുമാനത്തിൽ നിന്നും ഏറിയ പങ്കും മകന്റെ ചികിത്സക്കും മറ്റുമായി ചിലവാക്കേണ്ട ദുരവസ്ഥയിലായിരുന്നു ഇവർ. അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാതെ വന്നതോടെ മഴയും വെയിലും ഏൽക്കാതിരിക്കാൻ വീടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയായിരുന്നു താമസിച്ചിരുന്നത്. ഏതാനും മാസം മുൻപ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പ്ലാസ്റ്റിക്ക് മേൽക്കൂരയും തകർന്നടിഞ്ഞതോടെ ജീവിതം ദുരിത പൂർണ്ണമായി. ദുരവസ്ഥ മനസിലാക്കിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വീടെന്ന സ്വപ്നം സഫലമാക്കിയത്. കഴിഞ്ഞ ദിവസം പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനവും നടന്നു.