വഴിവിളക്കുകളിലെ ബൾബുകൾ അഴിച്ചുമാറ്റിയതിനെ ചൊല്ലി തർക്കം

ഏഴാച്ചേരി: 'എന്നാലും ഇത് മോശമായിപ്പോയി, രാത്രിയാത്രക്കാർക്ക് വെളിച്ചം കാണാൻ ഏഴാച്ചേരി ബാങ്ക് ജംഗ്ഷൻ മുതൽ അന്ത്യാളം വരെ പോസ്റ്റിലിട്ട ബൾബുകൾ മണിക്കൂറുകൾക്കുള്ളിൽ 'ആരോ'' ഇടപെട്ട് ഇട്ട പണിക്കാരെക്കൊണ്ടു തന്നെ അഴിച്ചുമാറ്റിച്ചു ; 'രാഷ്ട്രീയ ഇരുട്ട്' ബാധിച്ച ചിലരുടെ കളിയാണെന്നാണ് ജന സംസാരം. എന്തായാലും വഴിവിളക്ക് കെടുത്തിച്ച രാഷ്ട്രീയക്കളിയ്‌ക്കെതിരെ പ്രതികരിക്കാനൊരുങ്ങുകയാണ് പ്രദേശത്തെ വീട്ടമ്മമാർ. അഴിപ്പിച്ച വഴിവിളക്കുകൾ തിരികെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അമ്പതോളം വനിതകൾ ചേർന്ന് ഒപ്പിട്ട നിവേദനം നാളെ രാമപുരം പഞ്ചായത്ത് അധികാരികൾക്കും കെ. എസ്.ഇ.ബി അധികാരികൾക്കും സമർപ്പിക്കുമെന്ന് രാമപുരം പഞ്ചായത്തു മെമ്പർ സോണി ജോണി അറിയിച്ചു.വിവാദം വെളിച്ചം കെടുത്തിയ സംഭവങ്ങളുടെ തുടക്കം ഈ മാസമാദ്യമാണ്. രാമപുരത്തു നിന്ന് ഏഴാച്ചേരി ബാങ്ക് ജംഗ്ഷൻ വരെ വഴിവിളക്കുകൾ ഉണ്ടെങ്കിലും തുടർന്ന് പഞ്ചായത്ത് അതിർത്തിയായ അന്ത്യാളം വരെ വിളക്കില്ലായിരുന്നു.

നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് പഞ്ചായത്തംഗം സോണി ജോണി മൂവായിരത്തോളം രൂപാ കൈക്കാശ് മുടക്കിയാണ് ബൾബുകളും ഹോൾഡറും ഷെയ്ഡും വയറുമൊക്കെ വാങ്ങിയത്. കെ.എസ്.ഇ.ബിയുടെ അനുമതിയോടെ കരാറുകാരൻ ജോമോന്റെ നേതൃത്വത്തിൽ ഇത് അരക്കിലോമീറ്ററോളം ദൂരം വരെ പോസ്റ്റുകളിൽ ഘടിപ്പിക്കുകയും ചെയ്തു. ഇതിനിടെ കരാറുകാരന് ഒരു ഫോൺ കോൾ വന്നതോടെയാണ് പദ്ധതിക്ക് പെട്ടെന്ന് 'ഷോക്കടിച്ചത് ' എന്നാണാരോപണം. ഇട്ട ബൾബുകളും മറ്റും തിരക്കിട്ട് കരാറുകാരൻ ഉടൻ അഴിച്ചെടുക്കുകയായിരുന്നുവത്രേ. പുതുതായി വാങ്ങിയ മുപ്പതോളം സി.എഫ്.എൽ ബൾബുകളും അനുബന്ധ ഉപകരണങ്ങളുമൊക്കെ മെമ്പർ സോണി ജോണിയുടെ വീട്ടുമൂലയ്ക്ക് കൂട്ടിയിട്ടിരിക്കുകയാണിപ്പോൾ.

കെ.എസ്.ഇ.ബിയുടെ മീറ്റർ ഘടിപ്പിക്കാതെയാണ് ബൾബുകൾ ഇട്ടത്. ഇത് ആദ്യം ശ്രദ്ധിച്ചുമില്ല. കാര്യം മനസിലായതിനെ തുടർന്ന് ഉടൻ ഇട്ട ബൾബുകൾ അഴിച്ചു മാറ്റുകയായിരുന്നു.മീറ്റർ സ്ഥാപിച്ചാൽ ഇത് വീണ്ടും ഘടിപ്പിക്കാവുന്നതേയുള്ളൂ.

ജോമോൻ, കരാറുകാരൻ


മീറ്റർ ഇല്ല എന്നു പറയുന്നത് ശരിയല്ല. ഏഴാച്ചേരി സ്റ്റോണേജ് ക്ലബിന് എതിർവശം മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. കരാറുകാരന് ഇത് അറിയാവുന്നതുമാണ്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഫോണിൽ വിളിച്ച് ദേഷ്യപ്പെടുകയും ഇട്ട ബൾബുകൾ ഉടൻ ഊരിമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.അതിനാലാണ് ബൾബുകൾ നീക്കിയത് എന്നാണ് കരാറുകാരൻ പറഞ്ഞത്. വഴി വിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട വീട്ടമ്മമാർക്ക് പിന്തുണ നൽകും.

സോണി ജോണി, പഞ്ചായത്തംഗം

നിയമാനുസൃതം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് മാത്രമേ ബൾബുകൾ ഇടാനാവൂ. ഇതിനെതിരായി ആരെങ്കിലും പോസ്റ്റുകളിൽ ബൾബുകൾ സ്ഥാപിച്ചാൽ അത് നിയമവിരുദ്ധമാണ്. പഞ്ചായത്തിലെ മുഴുവൻ വഴികളിലും വഴിവിളക്കുകൾ സ്ഥാപിക്കാൻ 18 ലക്ഷം രൂപയുടെ വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ വാർഡുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു വിവേചനവുമില്ല. ഏഴാച്ചേരിയിൽ ആരെങ്കിലും അനധികൃതമായി പോസ്റ്റുകളിൽ ബൾബുകൾ സ്ഥാപിച്ചതായി തനിക്കറിവില്ല.

ബൈജു ജോൺ പുതിയിടത്തുചാലിൽ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ്