അടിമാലി: അടിമാലിയിൽ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നു. അടിമാലി കണ്ടയ്‌മെന്റ് സോണിലേക്ക് നീങ്ങുന്നു. അടിമാലി ടൗണിൽ സമ്പർക്ക വ്യാപനമാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ആയി.കൂടാതെ 350 പേരെ ആന്റീജൻ ടെസ്റ്റിറ്റ് വിധേയമാക്കി.ദിവസേന 60 പേർക്ക് കൊവിഡ് പരിശോധന നടത്തി വരുന്നു.ഇരുന്നൂർഏക്കർ മില്ലുപടിയിലെ ഒരു കൊവിഡ് രോഗിയുടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമ്പർക്കം ആരോഗ്യ വകുപ്പിന് തലവേദന ആയിട്ടുണ്ട്.അടിമാലിയിലെ വ്യാപാര സ്ഥാപനങ്ങളിൽ സമ്പർക്ക പട്ടിക മനസ്സിലാക്കുന്നതിനായി എഴുതി സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ പല വ്യാപര സ്ഥാപനങ്ങളും സൂക്ഷിക്കുന്നില്ല. അടിമാലി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കത്തിൽവന്ന പല കടകളും പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് അടപ്പിക്കുകയുണ്ടായി. ഗുരുതരമായ വീഴ്ചയാണ് അടിമാലി ടൗണിൽ നടക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.