പാലാ: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരണപ്പെട്ടതോടെ മേഖലയിൽ ഭീതിയേറുന്നു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്ന വെള്ളിയേപ്പള്ളി പുത്തൻപുരയ്ക്കൽ പി.എൻ. ശശിയാണ്(68) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിലെ സ്വകാര്യകമ്പനിയിൽ നടത്തിയ 89 പേരുടെ ആന്റിജൻ പരിശോധനയിൽ 7 പേർക്ക് കൂടി രോഗബാധ കണ്ടെത്തി. കഴിഞ്ഞദിവസം 154 പേരുടെ പരിശോധനയിൽ 13 പേർക്കും രോഗം കണ്ടെത്തിയിരുന്നു. മേഖലയിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഇന്ന് പരിശോധന നടത്തും.
രാമപുരത്ത് പൊതുപ്രവർത്തകന് കൊവിഡ് ബാധിച്ച സംഭവവുമായി ബന്ധപ്പെട്ട് സമ്പർക്കപട്ടിക തയാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
76 പേരാണ് പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. എങ്കിലും കഴിഞ്ഞദിവസം വരെ സജ്ജീവമായിരുന്ന പ്രവർത്തകനിൽ നിന്ന് കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്ന ആശങ്കയിൽ രാമപുരം ടൗണിൽ മൂന്ന് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തും. കടകളും വ്യാപാര, വ്യവസായ സ്ഥാപനങ്ങളും പൂർണ്ണമായും അടച്ചിടും. ബാങ്കുകൾ രാവിലെ 10 മുതൽ 2 വരെ മാത്രം പ്രവർത്തിക്കും. മരുന്നുകട, ലാബുകൾ എന്നിവ മാത്രമേ പ്രവർത്തിക്കൂ. സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നതിന് ഇന്നലെ നാല് മണിവരെ സമയം അനുവദിച്ചിരുന്നു. ഇതിന് ശേഷം ടൗൺ പൂർണ്ണമായും അടക്കുകയായിരുന്നു. അനൗൺസ്‌മെന്റ്, ബോധവത്ക്കരണം തുടങ്ങിയവ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്തദിവസം അണുനശീകരണം നടത്തും. ടൗൺ വാർഡുകളായ 5, 13 എന്നിവിടങ്ങളിൽ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാറിൽ ഒരാൾക്ക് കൂടി രോഗം കണ്ടെത്തി. കഴിഞ്ഞദിവസം സ്ഥിരീകരിച്ച ഫോട്ടോഗ്രാഫറുടെ സമ്പർക്കപട്ടികയിലുള്ള ആളാണ്. ഇവർ ഹോം ക്വാറന്റൈനിലായിരുന്നു. ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പരിശോധന നടത്തിയത്. വിവിധ കമ്പനികളിലെ അന്യസംസ്ഥാന ജോലിക്കാർ ഉൾപ്പെടെയുള്ള 88 പേർക്ക് കിഴപറയാർ പിഎച്ച്‌സിയിൽ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവായത് പഞ്ചായത്തിന് ആശ്വാസമായി.
മുത്തോലി പഞ്ചായത്തിലെ അഞ്ചാം വാർഡായ മുത്തോലി ജംഗ്ഷനിൽ തിരുവനന്തപുരത്ത് നിന്നും എത്തിയ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു.
കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ 11 വാർഡിൽ 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച് ചികിത്സ തേടിയിട്ടുണ്ട്.