duck

കോട്ടയം: കൊവിഡ് പ്രതിസന്ധി ക്രിസ്‌മസ് ഊൺമേശയിലും പ്രതിഫലിക്കും. ഇത്തവണ ക്രിസ്‌മസിന് നാടൻ താറാവിറച്ചി ഇല്ലാത്ത ഭക്ഷണം ഒരുക്കേണ്ടി വരും. 120 ദിവസത്തെ വളർച്ചയാണ് ഇറച്ചിത്താറാവിന് വേണ്ടത്. ലോക്ക്ഡൗൺ ഇളവിൽ കഴിഞ്ഞ ആഴ്ചയിലാണ് കർഷകർക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്തു തുടങ്ങിയത്. ക്രിസ്‌മസ് ആകുമ്പോഴേക്കും താറാവിന് വളർച്ചയെത്താത്തതാണ് താറാവിറച്ചി കിട്ടാതിരിക്കാൻ കാരണമാകുന്നത്.

നാടൻ താറാവ് മുട്ടയും കിട്ടാനില്ല. ലോക്ക്ഡൗൺ ചതിച്ചതാണ് നാടൻ താറാവിറച്ചിയും മുട്ടയും ദൗർലഭ്യമാവാൻ കാരണം. മുട്ടക്കും ഇറച്ചിക്കും കേരളീയർ ഇപ്പോൾ ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന മേന്മയില്ലാത്ത മുട്ടയാണ് ഇപ്പോൾ സംസ്ഥാനത്ത് വില്ക്കുന്നത്. വിലയോ ഒരെണ്ണത്തിന് പത്തുരൂപ. ഇറച്ചിക്ക് ഒരെണ്ണത്തിന് 350 രൂപയും. കഷ്ടിച്ച് ഒരു കിലോയെയുള്ളൂ ഒരു താറാവിന് തൂക്കം. കഴിഞ്ഞയാഴ്ചവരെ 9 രൂപയായിരുന്നു താറാമുട്ടക്ക് വില.

ഈസ്റ്ററിൽ പൊലിഞ്ഞു സ്വപ്നങ്ങൾ

ഈസ്റ്റർ സീസൺ സ്വപ്നം കണ്ട് വളർത്തിയ താറാവുകൾ വിറ്റുപോകാതെ വന്നതോടെ വൻ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. കഴിഞ്ഞ സീസണിൽ താറാവുകൾ വളർച്ചയെത്തും മുമ്പേ ലോക്ക് ഡൗൺ വന്നതാണ് കർഷകർക്ക് വിനയായത്. പൂവൻ താറാവിന് ആവശ്യക്കാരില്ലാതെയായി. ഇതോടെ കിട്ടിയ വിലക്ക് പൂവനെ കർഷകർക്ക് വിൽക്കേണ്ടതായി വന്നു. ഇതോടെ ക്രിസ്‌മസ് മുന്നിൽ കണ്ട് കൃഷിയിറക്കാൻ കർഷകർ വിമുഖത കാട്ടി. ലോക്ക് ഡൗൺ ആയതിനാൽ താറാവിൻ കുഞ്ഞുങ്ങളെ കിട്ടാതെയുമായി. ഇതോടെ സമയത്ത് താറാവിൻ കുഞ്ഞുങ്ങളെ പാടത്ത് ഇറക്കാൻ കഴിയാതെയായി. കൊയ്ത്ത് കഴിയുന്ന പാടങ്ങളിലാണ് താറാവുകളെ കൂട്ടമായി അഴിച്ചുവിടുക. നെൽക്കതിരിൽ നിന്നും കൊഴിഞ്ഞുവീഴുന്ന നെൽമണികളാണ് ഇവകളുടെ പ്രധാന ഭക്ഷണം. അതിനാൽ തന്നെ കൈതീറ്റ കൂടുതലായി നൽകേണ്ടി വരില്ല. നെൽമണികൾ തിന്ന് വളരുന്ന താറാവിന്റെ മുട്ടക്ക് പോഷകഗുണം അധികമുണ്ട്. അതുകൊണ്ട് തന്നെ നാടൻ താറാമുട്ടക്ക് വൻ ഡിമാൻഡാണ്. അപ്പർകുട്ടനാട്ടിലാണ് താറാവുകളെ കൂടുതലായും വളർത്തുന്നത്. കൂടാതെ സർക്കാരിന്റെ ഡക്ക് ഫാമിലും വളർത്തുന്നുണ്ട്. താറാവിൻകുഞ്ഞിന് 23 രൂപയാണ് വില. പൂവൻ താറാവിനെയാണ് പ്രധാനമായും ഇറച്ചിക്കായി ഉപയോഗിക്കുക. പിടത്താറാവിനെ മുട്ടയ്ക്കായും വളർത്തും. ആയിരവും രണ്ടായിരവും താറാവുകളെ വളർത്തുന്ന കർഷകരാണ് അപ്പർ കുട്ടനാട് മേഖലയിലുള്ളത്.

രോഗവും ചതിക്കും

പല രോഗങ്ങളാൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നതും കർഷകർക്ക് തിരിച്ചടിയാണ്. ഒരു താറാവിന് രോഗം വന്നാൽ നിമിഷനേരം കൊണ്ടാണ് മറ്റ് താറാവുകളിലേക്കും പടരുന്നത്. അതിനാൽ കൂട്ടമായിട്ടാണ് താറാവ് ചാവുന്നത്. ഇത് വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. ഇപ്പോൾ താറാവുകളെ പട്ടി പിടിക്കുന്നത് സാധാരണമാണ്. ഇരുപതും മുപ്പതും താറാവുകളെയാണ് പട്ടി ഒറ്റയടിക്ക് കൊല്ലുന്നത്. കൂട്ടം കൂടി പട്ടി വന്നാൽ ഉണ്ടാവുന്ന നഷ്ടം ഭീമമാണ്.

താറാവുകളെ രാത്രിയിൽ സൂക്ഷിക്കുന്നത് പാടത്തോട് ചേർന്നുള്ള പുരയിടങ്ങളിലോ പാടത്തെ ബണ്ടിലോ ആവും. പ്ലാസ്റ്റിക് വല കെട്ടിയാണ് ഇവയെ സൂക്ഷിക്കുന്നത്. താറാവിന് കർഷകർ കാവൽ കിടക്കുമെങ്കിലും പാമ്പിന്റെയോ പട്ടികളുടെയോ ആക്രമം ഉണ്ടാവുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. താറാവുകൾ ചത്തശേഷമാകും ആക്രമണം ഉണ്ടായ വിവരം കർഷകൻ അറിയുന്നത്.

ഹൃദയാഘാതം വന്നാണ് സാധാരണ താറാവുകൾ ചാവുക. ഇതിനുള്ള മരുന്ന് സർക്കാർ സൗജന്യമായി നല്കുന്നുണ്ട്. പ്രതിരോധ വാക്സിനും പണം ചെലവാക്കേണ്ടതില്ല. പക്ഷേ, ഇത് വാങ്ങാൻ പോവണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. ചെല്ലുമ്പോൾ പലപ്പോഴും ആശുപത്രികളിൽ മരുന്ന് ലഭ്യമാകാത്തതും കാരണം കർഷകർ മരുന്ന് വാങ്ങുന്നത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ്. ഇതിന് അമിത വിലയാണ് കടക്കാർ ഈടാക്കുന്നത്.