note

കോട്ടയം : നാഗമ്പടത്തെ ജുവൽ ഹോംസ് ഫ്ളാറ്റിൽ നിന്ന് തിരുവല്ല പൊലീസ് പിടികൂടിയ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാമ്പറമ്പിൽ വീട്ടിൽ സജി (38) ജില്ലയിൽ വിതരണം ചെയ്‌തത് 15 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ. ഇയാൾ ജില്ലയിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ച് ജില്ലാ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
ഒരു ലക്ഷം രൂപ മുടക്കിയാൽ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ട് നൽകുമെന്നാണ് സജിയുടെ വാഗ്ദാനം. 5 ലക്ഷം രൂപ ഇയാൾക്ക് ലഭിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സജി പണം നൽകിയ ആളുകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ പ്രതി ചേർക്കുന്നതിനൊപ്പം, പണം തിരികെ പിടിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

അതിവിദഗ്ദ്ധം, ഒടുവിൽ കുടുങ്ങി

നാഗമ്പടം ജുവൽ ഹോംസിന്റെ ഫ്ളാറ്റിലാണ് പ്രതി കള്ളനോട്ട് അച്ചടിച്ചിരുന്നത്. 200, 500, 2000 രൂപയുടെ നോട്ടുകളാണ് പ്രതി അച്ചടിച്ചിരുന്നത്. നോട്ട് ആദ്യം സ്‌കാൻ ചെയ്യും. തുടർന്ന് 70 ജി.എസ്.എം പ്ലാറ്റിനം പേപ്പറിൽ പ്രിന്റ് ചെയ്‌തെടുക്കും. നോട്ടുകൾ മിഷ്യൻ ഉപയോഗിച്ച് അതീവ സൂക്ഷ്‌മതയോടെ മുറിച്ചെടുക്കും. ഒറ്റ നോട്ടത്തിൽ ഇവ വ്യാജനാണെന്ന് തോന്നില്ല.

ജില്ലയിൽ കൂടുതൽ ബന്ധം

നാഗമ്പടത്തെ ഫ്ളാറ്റിൽ നിന്ന് പ്രിന്റർ അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയത്തെ ഇയാളുടെ കൂടുതൽ ബന്ധങ്ങളും അന്വേഷിക്കും.

ടി.രാജപ്പൻ, തിരുവല്ല ഡിവൈ.എസ്.പി