chithirapuram


അടിമാലി: ചിത്തിരപുരം കമ്യൂണിറ്റി സെന്ററിനെ താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടിക്ക് പാരിസ്ഥിക പ്രശ്നം തടസമായി .ആശുപത്രി സ്ഥലം നിർമ്മാണ പ്രവർത്തനത്തിന് യോഗ്യമല്ലെന്നും മറ്റോരിടത്ത് സ്ഥലം കണ്ടെത്തി നൽകണമെന്നും അരോഗ്യ കുടുംബ ക്ഷേമ പ്രിൻസിപ്പൾ സെക്രട്ടറി അടിമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. കത്ത് കഴിഞ്ഞ ദിവസമാണ് അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ കിട്ടിയത്.ഇതോടെ 55 കോടിയുടെ വികസനം ഇവിടെ നഷ്ടമാകും. മുന്നൂറ് കിടക്കകളോട് കൂടിയ എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടർമാരുടെ സേവനം ലഭിക്കുംവിധം പുതിയ ആശുപത്രിയുടെ പ്രവർത്തനം ക്രമീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. 13 ഏക്കർ സ്ഥലമാണ് ചിത്തിരപുരം കമ്യൂണിറ്റി സെന്ററിനുള്ളത്.ചെന്നൈ ആസ്ഥാനമായ കമ്പനി സോയിൽ ടെസ്റ്റും കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും പൂർത്തിയാക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.ദേവികുളം ഉടുമ്പൻചോല താലൂക്കുകളിലെ ജനങ്ങൾ ആശ്രയിച്ച് വരുന്ന അടിമാലി താലൂക്കാശുപത്രിയേക്കാൾ മെച്ചപ്പെട്ട സൗകര്യം പുതിയ ആശുപത്രിയിൽ പണികഴിയുമ്പോൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.ആദിവാസി വിഭാഗങ്ങളുടെയും തോട്ടം തൊഴിലാളികളുടെയും ആരോഗ്യ മേഖല കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ആശുപത്രിക്കായി അനുമതി നൽകിയിട്ടുള്ളത്.മറയൂർ,കാന്തല്ലൂർ,വട്ടവട,ഇടമലക്കുടി തുടങ്ങിയ മേഖലകളിലെ ആളുകൾക്ക് പുതിയ ആശുപത്രി ഏറെ പ്രയോജനം ചെയ്യുമായിരുന്നു. പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി തടസവാദം ഉന്നയിക്കുമ്പോൾ ആശുപത്രിയോട് ചേർന്ന് തന്നെ സ്വകാര്യ വ്യക്തികളുടെ നിരവധിയായ ബഹുനില റിസോർട്ടുകളും വലിയ കെട്ടിടങ്ങളും ഇവിടെ ഉണ്ട് . പക്ഷെ ആശുപത്രിക്ക് മാത്രമാണ് നിയമം ബാധകമാകുന്നത്.

55 കോടി യുടെ വികസം ഇങ്ങനെ

35 കോടി നിർമ്മാണ ജോലികൾക്ക്

20 കോടി ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന്