കോട്ടയം: ഈരയിൽക്കടവിൽ ഓണത്തിന് ശേഷം വെളിച്ചം വരുമെന്നു പ്രതീക്ഷിച്ചു പേടിച്ചിരുന്ന സാമൂഹ്യ വിരുദ്ധർക്കു സന്തോഷമായി..! രാഷ്ട്രീയക്കാർ തമ്മിൽ ചെളിവാരിയെറിഞ്ഞ് ഈരയിൽക്കടവിനെ ഇരുട്ടിലാക്കിയപ്പോൾ, എല്ലാ ദിവസവും മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധസംഘം തങ്ങളുടെ പണി കൃത്യമായി ചെയ്‌തു. രണ്ടു വീപ്പ നിറയെ കോഴിക്കടയിൽ നിന്നുള്ള മാലിന്യമാണ് ഈരയിൽക്കടവ് റോഡിനു സമീപത്തെ പാടശേഖരത്തിൽ തള്ളിയിരിക്കുന്നത്. മാലിന്യം അഴുകി തുടങ്ങിയതോടെ ഇതുവഴി യാത്രപോലും ദുസഹമായി.
മൂന്നു കിലോമീറ്ററിൽ റോഡ് നിർമ്മിച്ചിട്ട് മൂന്നു വർഷത്തിലേറെയായി. എന്നാൽ, രാഷ്‌ട്രീയ തർക്കത്തിൽ കുരുങ്ങി റോഡിൽ ഇതുവരെയും വെളിച്ചം എത്തിയിട്ടില്ല. ആധുനിക രീതിയിൽ റോഡ് നിർമിച്ചുവെങ്കിലും ഇവിടെ വൈദ്യുതി വിളക്കുകൾ ഇല്ലാത്തതാണ് രാത്രിയിൽ മാലിന്യം തള്ളാൻ കാരണം. നഗരസഭയോ, പൊലീസോ ഇവിടേയ്ക്കു ശ്രദ്ധിക്കുന്നതേയില്ല. റോഡിൽ പോസ്റ്റുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നത് വൈകാൻ കാരണം.
റോഡ് നിർമാണം പൂർത്തിയായതിനു പിന്നാലെ, നഗരസഭയിലെ ഇടതുകൗൺസിലർമാർ ഇടപെട്ടു വഴിയോരത്തു പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, പാതയുടെ നിർദിഷ്ട നടപ്പാത വരുന്ന സ്ഥലത്താണ് പോസ്റ്റുകൾ സ്ഥാപിച്ചതെന്നാരോപിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രംഗത്തെത്തിയിരുന്നു.
തുടർന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കുകയും പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ഓണത്തിനു മുമ്പായി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതുവരെയും തീരുമാനമായില്ലെന്നു മാത്രമല്ല, പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന്റെ പേരിലുള്ള രാഷ്ട്രീയ പോരു തുടരുകയുമാണ്.
പ്രതിഷേധവുമായി
കോൺഗ്രസ്
ഈരയിൽക്കടവ്-മണിപ്പുഴ ബൈപ്പാസ് റോഡിന്റെ വോക്ക് വേയിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലാട്, നാട്ടകം മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തി. കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ബ്ലോക്ക് പ്രസിഡൻ്റ് എസ്.രാജീവ്, ജോൺ ചാണ്ടി, സൂസൻ കുഞ്ഞുമോൻ, രാഹുൽ മറിയപ്പള്ളി, ഗിരിജ തുളസീധരൻ, റോയി മാത്യു, സാബു പള്ളിവാതുക്കൽ, ഉദയകുമാർ, ഷീന ബിനു, സുരേഷ് ബാബു, റ്റി.റ്റി.ബിജു, വത്സല അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.