vidhu

പാലാ : 'ലൈഫിനെ ലൈറ്റായി കാണുന്നതാണ് മധുവിന്റെ ജീവിതാരോഗ്യ രഹസ്യം. സിനിമയിൽ സീരിയസ് റോളുകളാണ് ചെയ്തിട്ടുള്ളതെങ്കിലും ജീവിതത്തിൽ നിറഞ്ഞ കൊമേഡിയനായ അദ്ദേഹത്തിന്റെ നർമ്മ വൈഭവം മലയാള സിനിമ ഉപയോഗിച്ചട്ടേയില്ല എന്നതാണ് സത്യം'
87ലെത്തിയ മഹാനടൻ മധുവിന്റെ 'അറിയപ്പെടാത്ത രഹസ്യങ്ങൾ'' പരസ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നായികമാരിൽ ഒരാളായ വിധു ബാല. ജീവിതം പോലെ തന്നെ സിനിമയേയും മധു സീരിയസായി കണ്ടില്ല. അല്ലെങ്കിൽ ഹിന്ദി സിനിമയിൽ ഉൾപ്പെടെ തിളങ്ങി ഇന്ത്യയിലെ നമ്പർ വൺ നടനെന്ന സ്ഥാനത്തേയ്ക്ക് വരെ ഉയരുമായിരുന്നു. ജീവിതത്തെ ലഘുവായ കാര്യമായി കാണുന്ന ഇദ്ദേഹത്തെ ഒരിക്കലും ടെൻഷനടിച്ച് കണ്ടട്ടേയില്ല.
മധുവിന്റെ ഉടമസ്ഥതയിലുള്ള ഉമാ സ്റ്റുഡയോയിൽ ആദ്യമായി ഷൂട്ടു ചെയ്ത 'ധീരസമീരെ യമുനാ തീരെ ' എന്ന ചിത്രത്തിൽ എനിക്ക് പ്രധാന റോളുണ്ടായിരുന്നു. സംവിധാനം മധു സാറാണെങ്കിൽ ആ സെറ്റിൽ ടെൻഷനേയില്ല. ഞങ്ങൾ ചെറുപ്പക്കാർ ഒരുപാടു പേർ ആ സിനിമയിലുണ്ടായിരുന്നു. ഷൂട്ടിംഗ് വേഗം തീർത്ത് വൈകിട്ട് സിനിമയ്ക്ക് പോകാൻ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് തല ചൊറിഞ്ഞ് നിൽക്കും. കാര്യം മനസ്സിലാക്കുന്ന അദ്ദേഹം വാഹനം കൂടി ഏർപ്പാടാക്കി തരും.

കുഞ്ഞാവയല്ല സാർ ഞാൻ
'ഭൂമി ദേവി പുഷ്പിണിയായി ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായൊരു സംഭവം ഇങ്ങനെ.' സിനിമയിലെ പാട്ട് സീനിൽ ഞാൻ അദ്ദേഹത്തിന്റെ മടിയിൽ കിടക്കുന്നൊരു രംഗമുണ്ട്. ഷൂട്ടിംഗിനായി പാട്ട് പ്ലേ ചെയ്യുമ്പോൾ അദ്ദേഹം എന്റെ കവിളിൽ തലോടി 'കുഞ്ഞാവ വാവോ, വാവാവോ' എന്നു പറയും. അപ്പോൾ ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കും, സാർ ഞാൻ കുഞ്ഞുവാവയല്ല, നമ്മൾ പ്രേമരംഗങ്ങൾ അഭിനയിക്കുന്ന ഭാര്യാ ഭർത്താക്കന്മാരാണ്.
' അതിന് നിന്റെ മുഖം കാണുമ്പോൾ എനിക്ക് പ്രേമം വരണ്ടേ, നീയൊരു കൊച്ചു കുഞ്ഞാണെനിയ്ക്ക് ' മധു പറഞ്ഞു.