solar
ഔട്ട് പോസ്റ്റ് ജംഗ്ഷനിലെ കേടായ സോളാർ ലൈറ്റ്

കുറിച്ചി: ലക്ഷങ്ങൾ മുടക്കി പ്രധാന ജംഗ്ഷനുകളിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സോളാർ വഴി വിളക്കുകൾ പ്രകാശിക്കാതായിട്ട് വർഷങ്ങളാകുന്നു. വർഷാവർഷം നടത്തേണ്ട മെയ്‌ന്റനൻസ് നടത്താൻ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാവാത്തതാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡരികിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളും കേടായിരിക്കുകയാണ്. ഇക്കാരണത്താൽ രാത്രി കാലങ്ങളിൽ കാൽനടയാത്ര ദുഷ്‌കരമായി.അപകടങ്ങളും പതിവാകുന്നു. മലകുന്നം ഡിവിഷനു കീഴിലുള്ള സ്ഥലങ്ങളിലെ സോളാർ ലൈറ്റുകൾ എല്ലാം തന്നെ അറ്റകുറ്റപണി നടത്താത്തതിനാൽ പാടേ തകർന്ന നിലയിലാണ്. വാഹനം ഇടിച്ചും മറ്റുംപലതും നിലംപൊത്തിയിട്ടും ഉണ്ട്.

സോളാർ വഴിവിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള റീ ചാർജബിൾ ബാറ്ററിയും, പൈപ്പും, സോളാർ പാനലും അടക്കമാണ് മോഷണം പോകുന്നതും തുടർകഥ. എം.സി റോഡിനു സമീപം കാലായിൽപ്പടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് ടിപ്പർ ഇടിച്ച് മറിഞ്ഞു കിടന്നത് കാണാതായ നിലയിലാണ്. കുറിച്ചിയിലെയും മലകുന്നം ഡിവിഷനിലെയും റോഡുകളിലെല്ലാം വാർഷിക മെയിന്റനൻസുകൾ മുടങ്ങിയതിനാൽ വലിയ കുഴികൾ രൂപപ്പെട്ടു. പുലർച്ചെ ജോലിക്കായി പോകുന്നവരും പ്രഭാത സവാരിക്ക് പോകുന്നവരും വഴിവിളക്കില്ലാത്തതിനാൽ മിക്കപ്പോഴും തെരുവ് നായ്ക്കളുടെ മുന്നിൽ ചെന്നുപെടുന്നതും പതിവാണ്. അടിയന്തിരമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ഇത്തിത്താനം വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രസന്നൻ ഇത്തിത്താനം അദ്ധ്യക്ഷനായി. സെക്രട്ടറി ബിജു.എസ്.മേനോൻ, അജിത്ത് ശിവദാസ്, നിഖിൽ.എസ്, അജയൻ ചേരാമ്പേരി, ഷീജിത്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

പ്രധാന പ്രശ്‌നങ്ങൾ

തെരുവിളക്കുകൾ ഒന്നും പ്രകാശിക്കുന്നില്ല

ഗ്രാമീണ റോഡുകൾ എല്ലാം തന്നെ തകർന്ന് തരിപ്പണമായി

രാത്രികാലങ്ങളിൽ വഴിയാത്ര ദുഷ്‌കരമായി

സാധാരണക്കാരും കുട്ടികളുമാണ് ഏറെ വലയുന്നത്

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവ്