pic

കോട്ടയം: ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസിൽ സ്ത്രീയടക്കം നാലു പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഘനേതാവടക്കം അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒരു ലക്ഷം രൂപ നല്കിയാൽ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുകൾ നല്കിയാണ് ബിസിനസ് കൊഴുപ്പിച്ചത്. കോട്ടയം ജില്ലയിൽ മാത്രം 15 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ മൂന്നു മാസത്തിനിടയിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് വ്യക്തമാക്കി. കള്ളനോട്ട് കരസ്ഥമാക്കിയവരുടെ വിലാസവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഘനേതാവ് കണ്ണൂർ ശ്രീകണ്ഠപുരം ചേമ്പേലി തട്ടാപറമ്പിൽ എസ്.ഷിബു (43), ഭാര്യ സുകന്യ (31), ഷിബുവിന്റെ സഹോദരൻ എസ്.സജയൻ (35), കൊട്ടാരക്കര ജവഹർനഗർ ശാന്തിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ (40) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കോട്ടയം കൊടുങ്ങൂർ പട്ടിമറ്റം തട്ടാപറമ്പിൽ എം.സജിയെ (38) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്.

ഇവരിൽ നിന്നും 3.94 ലക്ഷം രൂപ പിടിച്ചെടുത്തു. കൂടാതെ പ്രിന്ററും പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. 500, 2,000 രൂപയുടെ കള്ളനോട്ടുകളാണ് ഇവർ നാഗമ്പടത്തെ ഫ്ലാറ്റിൽ അച്ചടിച്ചിരുന്നത്.

നോട്ടിന്റെ കളർപ്രിന്റ് എടുത്ത് ആളുകളെ വീഡിയോ വഴി കാണിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. പെരിന്തൽമണ്ണ, പൊന്നാനി, മലപ്പുറം സ്റ്റേഷനുകളിൽ ഒന്നാം പ്രതി ഷിബുവിനെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.