കുറവിലങ്ങാട്: മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വെളിച്ചവും ശബ്ദവും നൽകിയവർ. കേരളത്തിലെ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമകളെയും പണിക്കാരെയും അങ്ങനെ വിശേഷിപ്പിക്കാം. 2018 ലെ പ്രളയകാലം വരെ അങ്ങനെ സ്വന്തം ജീവിതവും പ്രകാശിപ്പിച്ചിരുന്ന ഇക്കൂട്ടർ ഇപ്പോൾ പട്ടിണിയിലും കടക്കെണിയിലുമാണ്. പ്രളയക്കെടുതിയെ തുടർന്ന് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനം ഇപ്പോഴും നിലനിൽക്കുകയാണ്. മൈക്ക് സാംഗ്ഷൻ നൽകുന്ന കാര്യത്തിൽ പൊലീസിനും അവ്യക്തത നിലനിൽക്കുന്നതിനിടെയാണ് കൂനിന്മേൽ കുരു എന്നപോലെ കേന്ദ്രഹരിത ട്രിബ്യുണലിന്റെ ശബ്ദനിയന്ത്രണം സംബന്ധിച്ച പുതിയ ഉത്തരവുണ്ടാകുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെ അവ്യക്തത മൂലമുള്ള തൊഴിലില്ലായ്മയും യാഥാർഥ്യബോധമില്ലാത്ത കേന്ദ്ര നിയമത്തിന്റെ കാഠിന്യവും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാ
എല്ലാം നാശത്തിന്റെ വക്കിൽ
തൊഴിൽ നഷ്ടം മൂലം ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചുപോകുകയാണ്. പ്രവർത്തിപ്പിക്കാതിരുന്നാൽ ആംപ്ലിഫയർ കേടാകും. ബോക്സുകളും വയറുകളും എലികൾ നശിപ്പിക്കും. മിക്സ്ചർ പോലുള്ള ഉപകരണങ്ങളും, ജനറേറ്ററുകളും ബാറ്ററികളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ട് നശിക്കുന്നു. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള മൂവീഹെഡ് പോലുള്ള ഉപകരണങ്ങളും, ലക്ഷങ്ങൾ വിലവിടിപ്പുള്ള ലൈനർ പോലുള്ള ഉപകരണങ്ങളും, 8500 രൂപയ്ക്ക് മുകളിലുള്ള മൈക്രോഫോണുകളും ഉപയോഗിക്കാൻ പോലും പറ്റാതെ നശിക്കുകയാണ്. ജനറേറ്ററുകൾ നന്നാക്കുന്നതിനും ബാറ്ററികൾ മാറുന്നതിനും വൻ സാമ്പത്തികചിലവാണ് ഉള്ളത്. ഇവയെല്ലാം നന്നാക്കുന്നതിന് ആവശ്യമായ പാർട്ട്സുകൾളും കിട്ടാനില്ല. ഒട്ടുമിക്കതും ചൈനീസ് നിർമ്മിതമാണ്. വ്യാപാരനിരോധനം വന്നതിനാൽ ചൈനയിൽ നിന്ന് ആവശ്യത്തിനുള്ള പാർട്ട്സുകൾ വരുന്നില്ല. കിട്ടാനുള്ളതിനോ വൻ വിലയും. കഴിഞ്ഞ കുറെ വർഷങ്ങളായി കൊമേഴ്‌സ്യൽ പരസ്യങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഇത് വലിയ വരുമാനനഷ്ടം ഉണ്ടാക്കി. പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ട് വർഷമായി ഓണം, വിഷു ആഘോഷങ്ങൾ ദേശീയ ആഘോഷങ്ങൾ, ഉത്സവങ്ങൾ പള്ളിപ്പെരുനാളുകൾ, സെമിനാറുകൾ, രാഷ്ട്രീയ പ്രസംഗങ്ങൾ, വാഹന ജാഥകൾ തുടങ്ങിയവ നിലച്ചുപോയത് ആയിരക്കണക്കിന് തൊഴിലാളികളുടെയും ഉടമകളുടെയും അന്നമാണ് മുട്ടിച്ചത്.
ദുരിതമായി വായ്പാതുക
ഒരു രൂപ വരുമാനമില്ലാതെ പതിനായിരക്കണക്കിന് രൂപ പലിശയായും വായ്പതുകയായും തിരിച്ചടയ്‌ക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇവർ. ഇതിൽ നിന്ന് കരകയറാൻ സർക്കാർ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം. വായ്പാ കാലാവധി 5 വർഷമായി നീട്ടി നൽകണം. മൊറട്ടോറിയം കാലയളവിൽ പിഴപ്പലിശയും പലിശ ഇളവും അനുവദിക്കണം. ഇതാണ് ഇവരുടെ ആവശ്യങ്ങളിൽ പ്രധാനം. പ്രളയകാലങ്ങളിൽ മൈക്ക് ഉപയോഗിച്ച് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതും ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളവും വെളിച്ചവും എത്തിച്ച് നൽകിയതും ഇപ്പോൾ കൊവിഡ് കാലത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ അനൗൺസ് ചെയ്യുന്നതും ഇവരാണ്. പ്രളയകാലത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച എട്ടരക്കോടി രൂപ കൈപ്പറ്റാതെ മാതൃക കാണിച്ചവരാണ് ഇവർ.
ഈ ദുരവസ്ഥയിൽ നിന്നും അൽപ്പമെങ്കിലും മോചനം ലഭിക്കണമെങ്കിൽ മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുവാദം ലഭിക്കുന്നതിന് ആവശ്യമായ വ്യക്തമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കണം
രാജീവ് കുറവിലങ്ങാട്,
സംസ്ഥാന കൗൺസിൽ ചെയർമാൻ
ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള