വൈക്കം : വെച്ചൂർ മോഡേൺ റൈസ് മിൽ നെല്ല് സംഭരണം സുതാര്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. അപ്പർകുട്ടനാട്ടിലെ വെച്ചൂർ, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ വിരിപ്പ് കൃഷി വിളവെടുപ്പ് ആരംഭിക്കാൻ ഏതാനും ആഴ്ചകൾ മാത്രമേയുള്ളു.വെള്ളപ്പൊക്കത്തെ അതിജീവിച്ച പാടശേഖരങ്ങളിലെ വിളവെടുപ്പ് തുടങ്ങുമ്പോൾ തന്നെ ഓയിൽ ഫാം ഇൻഡ്യയുടെ ഉടമസ്ഥതയിലുള്ള വെച്ചൂർ മോഡേൺ റൈസ് മിൽ കർഷകരിൽ നിന്നും നേരിട്ട് നെല്ല് സംഭരിക്കുകയും ഉടനെതന്നെ നെല്ല് കൈപ്പറ്റ് രസീത് എഴുതി പണം നൽകുകയും ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. മുൻ വർഷങ്ങളിൽ സപ്ലൈ കോ ചുമതലപ്പെടുത്തിയ ചുരുക്കം ചില പാടശേഖരങ്ങളിലെ നെല്ല് മാത്രമാണ് സംഭരിച്ചിരിക്കുന്നത്. ഇത് സ്വകാര്യമില്ലുടമകൾക്ക് ഈർപ്പത്തിന്റെ പേരിൽ വലിയ കുറവു വരുത്തി കർഷകരെ ചൂഷണം ചെയ്യുവാൻ അവസരം നൽകി. വിളവെടുപ്പ് ആരംഭിക്കുമ്പോൾ തന്നെ നെല്ല് റൈസ് മിൽ നേരിട്ട് സംഭരിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓയിൽഫാം ഇൻഡ്യ മാനേജിംഗ് ഡയറക്ടർ, റൈസ് മിൽ മാനേജർ എന്നിവർക്ക് സിപിഐ-എംഎൽ റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി സി.എസ്.രാജു നിവേദനം നൽകി.