ചങ്ങനാശേരി: ടാബ് മോഷണം പോയെന്ന പരാതി ലഭിച്ച് ഒരു മണിക്കൂറിനകം മോഷ്ടാവിനെ പിടികൂടി പൊലീസ്. ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ മാത്രം മോഷ്ടിക്കുന്ന കള്ളന്റെ വിചിത്ര സ്വഭാവമാണ് മണിക്കൂറുകൾക്കുള്ളിൽ ടാബ് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ചങ്ങനാശേരി അരമനപ്പടി ഭാഗത്തുള്ള വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ടാബ് മോഷണം പോയത്. ശനിയാഴ്ച്ച രാവിലെയാണ് ടാബ് മോഷണം പോയ വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. തുടർന്ന് ടാബ് മോഷണം പോയതായി വീട്ടമ്മ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. കുറിച്ചി സ്വദേശി ബിനു (25)ന്റെ വീട്ടിൽ നിന്നാണ് ടാബ് കണ്ടെടുത്തത്. തുടർന്ന് പരാതിക്കാർ പരാതി പിൻവലിക്കുകയും ചെയ്തു. വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും ടാബുകളും മാത്രം മോഷ്ടിക്കുന്ന ബിനുവിന് മാനസിക ന്യൂനതയുണ്ടെന്ന് പൊലീസ് പറഞ്ഞു.