df

പട്ടിയ്ക്കും പൂച്ചയ്ക്കും നടക്കാവുന്ന ക്ഷേത്ര വഴികളിലൂടെ പിന്നാക്കക്കാർക്ക് കൂടി നടക്കുന്നതിനുള്ള സ്വാതന്ത്രത്തിന് വേണ്ടി പോരാടി ടി.കെ.മാധവൻ ക്രൂരമർദ്ദനത്തിന് ഇരയായ മണ്ണാണ് തിരുവാർപ്പിലേത്. ടി.കെ.മാധവനെ മർദ്ദിച്ചവശനാക്കി ചോര തുപ്പിച്ച പഴയ സവർണ മാടമ്പിമാരുടെ പ്രേതം പിന്മുറക്കാരിലെ ചിലരെ പിടികൂടിയെന്ന് തെളിയിക്കുന്നതാണ് ഉഷ:പായസ വിതരണത്തിൽ നടന്ന ജാതി വിവേചനമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

വർഷത്തിൽ ഒരു ദിവസം കന്നിമാസത്തിൽ കരക്കാർക്ക് മുഴുവൻ സൗജന്യമായി ഉഷ:പായസം നൽകണമെന്നത് ക്ഷേത്ര രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. കരക്കാർക്ക് എന്ന വാക്കിൽ ചെറിയ മാറ്റം വരുത്തി കരയോഗക്കാർക്ക് എന്നാക്കി കരക്കാരുടെ അവകാശം വർഷങ്ങളായി ചിലർ തട്ടിയെടുക്കുകയായിരുന്നു. കേരളകൗമുദിയുടെ ഇടപെടലും ക്ഷേത്ര ഉപദേശകസമിതിയിലെ ചില പുരോഗമനവാദികളുടെ ഇടപെടലും കാരണമാണ് അതിന് മാറ്റം വന്നതും കരക്കാർക്ക് മുഴുവൻ കഴിഞ്ഞ ദിവസം വഴിപാട് ഉഷ:പായസം സൗജന്യമായി ലഭിച്ചതും. കരക്കാർക്കു മുഴുവൻ പായസം കൊടുക്കണമെന്ന ആവശ്യം ഉയർന്നിട്ടും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഏതാനും പേർക്കാണ് കൊടുത്തത്. ആചാരലംഘനമെന്നായിരുന്നു ഇതിന് പറഞ്ഞ വിശദീകരണം.

ഈ പോരാട്ടത്തിന് കേരളകൗമുദിയ്ക്കൊപ്പം മുൻകൈയെടുത്ത പരിപ്പ് ഹൈസ്കൂൾ അദ്ധ്യാപകൻ കൂടിയായ ക്ഷേത്ര ഉപദേശകസമിതി മുൻ സെക്രട്ടറിയും മുൻ കരയോഗം സെക്രട്ടറിയുമായിരുന്ന കെ.വി.വിജിത്തിനെ കരയോഗത്തിൽ നിന്ന് പുറത്താക്കി. ദേവസ്വം ബോർഡ് കീഴിലുള്ള തിരുവാർപ്പ് ക്ഷേത്ര അധികൃതർക്കെതിരെ ആദ്യമായല്ല ജാതീയമായ വിവേചനമെന്ന പരാതി ഉയരുന്നത്. എന്തു പരാതി വന്നാലും അത് ആചാരമെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളുകയാണ് ബന്ധപ്പെട്ടവർ. ഉത്സവ കാലത്ത് നടക്കുന്ന വിളക്കെടുപ്പ് വഴിപാട് എടുക്കുക പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. മുന്നാക്ക സമുദായത്തിലെ ഒരു വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ് ഇന്നും ഇതിന് അവകാശം. മറ്റു ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് വിളക്കെട വഴിപാടായി എടുക്കണമെങ്കിൽ ആവശ്യമായ ചെലവ് കാശ് സ്ഥിരം വിളക്കെട അവകാശമുള്ള വിഭാഗക്കാർക്ക് നൽകണം. പകരം അവർ എടുക്കും. ജാതീയവിവേചനമായ ഈ അനാചാരത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഉന്നത നേതാക്കൾ വരെ നേരത്തേ രംഗത്തെത്തിയിരുന്നു. ഇന്നും മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല.

പിന്നാക്ക സമുദായ നേതാക്കൾ പോലും ആചാരം വിശ്വാസമെന്നൊക്കെയുള്ള തൊടുന്യായം പറഞ്ഞു കൈയൊഴിയുകയാണ്. ഈ വർഷം കൊവിഡ് നിയന്ത്രണം കാരണം രണ്ട് പെൺകുട്ടികളെ വിളക്കെട വഴിപാടിനായി നറുക്കിട്ടാണ് തിരഞ്ഞെടുത്തത്. അതും സ്ഥിരം വിഭാഗക്കാരിൽ നിന്നു മാത്രമായിരുന്നു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും പൂജാദികാര്യങ്ങൾ അറിയാമെങ്കിൽ ശാന്തി നിയമനത്തിന് പരിഗണിക്കും. എന്നാൽ ബോർഡിന് കീഴിലെ പ്രധാന ക്ഷേത്രമായ ശബരിമലയിൽ ഇന്നും മലയാള ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നവരെ മാത്രമേ ശാന്തിക്കാരായി പരിണിക്കുകയുള്ളൂ. പരശുരാമന്റെ കാലം മുതൽ അങ്ങനെയെന്നാണ് വിശദീകരണം. രാജഭരണകാലം മുതലെന്ന വിശദീകരണമാണ് തിരുവാർപ്പ് ക്ഷേത്രത്തിലും ചിലർ നടത്തുന്നത്.

ഗുരുവായൂർ പോലെ ഏറെ പ്രസിദ്ധി ലഭിക്കേണ്ട ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും.പിന്നാക്കവിഭാഗത്തിൽപ്പെട്ട യാദവ കുലജാതനാണ് ശ്രീകൃഷ്ണഭഗവാൻ. ദേവസ്വം ഉദ്യോഗസ്ഥരിൽ ഏറെയും ജാതി വിവേചനത്തിന് കുട പിടിക്കുന്നവരായാൽ ഭഗവാൻ എങ്ങനെ തിരുവാർപ്പ് കരയിൽ അനുഗ്രഹം ചൊരിയും ?