തകരാർ പരിഹരിക്കാൻ അര മണിക്കൂർ മതിയെന്ന് കെ.എസ്.ഇ. ബി, പക്ഷേ വൈദ്യുതി പുന:സ്ഥാപിച്ചത് 13 മണിക്കൂർ കഴിഞ്ഞ്
രാമപുരം: എന്നാലും ഞങ്ങളെ ഇങ്ങനെ പറഞ്ഞ് പറ്റിക്കാമോ കെ.എസ്.ഇ.ബി അധികാരികളെ? ചോദ്യം രാമപുരം കെ.എസ്.ഇ.ബി സെക്ഷനു കീഴിലെ ഉപഭോക്താക്കളുടേതാണ്. ലൈനിലെ തകരാറുകൊണ്ട് വൈദ്യുതി പോയത് പുന:സ്ഥാപിക്കാൻ അരമണിക്കൂർ മതിയെന്ന് അറിയിച്ചത് കെ.എസ്.ഇ.ബി, പക്ഷെ വൈദ്യുതി പുന:സ്ഥാപിച്ചത് 13 മണിക്കൂർ കഴിഞ്ഞ് !
ഇന്നലെ ഏഴാച്ചേരിയിൽ ഉണ്ടായത് രാമപുരം കെ.എസ്.ഇ.ബി സെക്ഷനിലെ ഉദ്യോഗസ്ഥർ തുടരുന്ന അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമായി.
ഏഴാച്ചേരി ജി.വി.യു.പി. സ്‌കൂളിന് സമീപമുള്ള ട്രാൻസ്‌ഫോർമർ വഴി വൈദ്യുതി ലഭിക്കുന്ന ഇരുനൂറിൽപ്പരം കുടുംബങ്ങളെയാണ് കെ.എസ്.ഇ.ബി പറഞ്ഞ് പറ്റിച്ച് ഒരു രാത്രി മുഴുവൻ ഇരുട്ടിലാഴ്ത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചത്. അരമണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ ഫോണിലേക്ക് കെ.എസ്.ഇ.ബിയുടെ സന്ദേശമെത്തി, രാത്രി ഒൻപത് മണിയോടെ വൈദ്യുതിബന്ധം പുനസ്ഥാപിക്കും!. ജനം അതു വിശ്വസിച്ചു.
അറിയിപ്പ് സന്ദേശത്തിലെ സമയം കഴിഞ്ഞിട്ടും വൈദ്യുതി എത്താതിരുന്നതിനെ തുടർന്ന് ഉപഭോക്താക്കൾ രാമപുരം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പലതവണ വിളിച്ചെങ്കിലും തട്ടാ മുട്ടി മറുപടി പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞുമാറി.11 കെ.വി ലൈനിൽ ചൂട്ടു വീണു കറന്റ് പോയെന്നായിരുന്നൂ ആദ്യ മറുപടി. 11 മണി കഴിഞ്ഞിട്ടും കറന്റ് വരാത്തതിനെപ്പറ്റി തിരക്കിയപ്പോൾ രാത്രി ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു വിശദീകരണം.
എന്തായാലും വെള്ളിയാഴ്ച രാത്രി ഏഴരയോടെ നിലച്ച വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത് ശനിയാഴ്ച രാവിലെ എട്ടരയോടെ!
വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാലും രാത്രി ജോലി ദുഷ്‌കരമായതിനാലുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് ശനിയാഴ്ച രാവിലെ കെ.എസ്.ഇ.ബി അധികാരികൾ വിശദീകരിച്ചു.11 കെ.വി. ലൈനിൽ ഉണ്ടായ തകരാർ മൂലമാണ് 13 മണിക്കൂറോളം വൈദ്യുതി വിതരണം തടസപ്പെട്ടതെന്നും അധികാരികൾ അറിയിച്ചു.
പതിവാണ് ഈ ദുരിതം
കഴിഞ്ഞ കുറെകാലമായി രാമപുരം ടൗണിലും പരിസരപ്രദേശങ്ങളായ മരങ്ങാട്, ചക്കാമ്പുഴ, ഏഴാച്ചേരി, നീറന്താനം, കിഴതിരി, അമനകര, കൊണ്ടാട്, കുറിഞ്ഞി മേഖലകളിൽ വൈദ്യുതി തടസം പതിവായിരിക്കുകയാണ്. കാറ്റും മഴയുമൊന്നുമില്ലെങ്കിലും വൈദ്യുതി വിതരണം തടസപ്പെടുന്നതിന്റെ കാരണം വിശദീകരിക്കാൻ അധികാരികൾക്ക് കഴിയാറുമില്ല എന്നാണ് ഉപഭോക്താക്കളുടെ പരാതി.രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും സ്ഥിരമായുള്ള വൈദ്യുതി മുടക്കത്തിനെതിരെ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാനുള്ള ഒരുക്കത്തിലും ഒപ്പ് ശേഖരണത്തിലുമാണ് ഉപഭോക്താക്കൾ.