അടിമാലി: ഒരു നാടാകെ ഒരുമിച്ചപ്പോൾ യാഥാർത്ഥ്യമാകുന്നത് ഒരു നിർദ്ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം. ഓടക്കാ സിറ്റി സ്വദേശിയായ വീട്ടമ്മയുടെ കുടുംബത്തിനുമാണ് ഭവന നിർമ്മാണത്തിന് സുമനസുകൾ സഹായമൊരുക്കിയത്. സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ നാല് ലക്ഷം രൂപ കുടുബത്തിന്റെ ഭവന നിർമ്മാണത്തിന് അനുവദിച്ചിരുന്നു. എന്നാൽ പ്രദേശത്തിന്റെ ഭൂപ്രകൃതി കാരണം ഈ തുകയ്ക്ക് വീട് നിർമ്മാണം പൂർത്തിയാക്കാനാകില്ല. ഈ വിവരം അടിമാലി പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജനെ അറിയിച്ചു. സെക്രട്ടറി അടിസ്ഥാന നിർമ്മാണ ജോലിക്കായുള്ള തുക കണ്ടെത്താൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് സെക്രട്ടറി ഉൾപ്പെടെ 27 പേർ ചേർന്ന് 1,32000 രൂപ സമാഹരിച്ചു. അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വർഗീസ് തുക വീട്ടമ്മയ്ക്ക് കൈമാറി. ഭൂരഹിതരായ കുടുംബങ്ങൾക്ക് വീടൊരുക്കാൻ പ്രദേശവാസിയായ ജോർജ്ജ് കൂമ്പൻപാറ ഫാത്തിമ്മമാതാ ദേവാലയത്തിന് നൽകിയ ഭൂമി ദേവാലായ അധികൃതർ വീട് നിർമ്മിക്കാൻ വീട്ടമ്മയ്ക്കും കുടുംബത്തിനും കൈമാറി. രണ്ട് തുകകളും ഉപയോഗിച്ച് ഈ സ്ഥലത്ത് അടച്ചുറപ്പുള്ള വീട് നിർമിക്കാനാകുമെന്ന സന്തോഷത്തിലാണ് ഈ കുടുംബം.