കട്ടപ്പന: ഏലം കാർഷിക മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഏലക്ക വിളവെടുപ്പുയന്ത്രം വികസിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഏലം ഗവേഷകൻ റെജി ഞള്ളാനി. കാർഷിക ഗവേഷണ കേന്ദ്രങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ആവശ്യമായ ഫണ്ട് അനുവദിച്ചാൽ യന്ത്രം വികസിപ്പിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ വരവ് നിലച്ചതോടെ ഉത്പാദനത്തിന്റെ 30 ശതമാനം വരെ വിളവെടുക്കാൻ കഴിയാതെ നശിച്ചുപോകുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് അതിർത്തികൾ അടച്ചതോടെ വിളവെടുപ്പ് നിലച്ചിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതും തിരിച്ചടിയായി. വേതനം കൂട്ടി നൽകാൻ കർഷകർ തയ്യാറായിട്ടും വിളവെടുപ്പ് എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ വൻകിട വ്യാപാരികളും സ്‌പൈസസ് ബോർഡും ചേർന്ന് ലേലത്തിൽ വില കുത്തനെ ഇടിക്കുന്നു. വൻകിട തോട്ടങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിച്ച് വിളവെടുപ്പ് നടത്തുന്നുണ്ട്. ഇതു കൊവിഡ് വ്യാപനത്തിനു കാരണമായേക്കാം. സ്ഥിതി രൂക്ഷമായിട്ടും ജനപ്രതിനിധികൾ ഇടപെടുന്നില്ല. മറ്റു നാണ്യവിളകൾ പടിയിറങ്ങിയതോടെ ഏലം കൃഷി മാത്രമാണ് കർഷകരുടെ ആശ്രയം. സ്‌പൈസസ് ബോർഡ് ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങൾ കർഷകരുടെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും കാർഷിക മേഖലയിൽ ഇവരുടെ സംഭാവന നാമമാത്രമാണ്. എന്നാൽ സാധാരണക്കാരുടെ ശാസ്ത്രനേട്ടങ്ങൾ സർക്കാരും ഈ സ്ഥാപനങ്ങളും അവഗണിക്കുകയാണ്. നിലവിൽ കാർഷിക മേഖലയുടെ നിലനിൽപ്പിന് മെക്കനൈസേഷൻ കൂടീയേ തീരൂ. ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കണം. ഇതിനു കഴിയാത്ത സ്ഥാപനങ്ങൾ പിരിച്ചുവിടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.