പാലാ: ടാറിംഗ് പൂർത്തിയായി ഒരുമാസം പിന്നിടും മുമ്പേ പൂഞ്ഞാർ-പാലാ ഹൈവേയിൽ നിന്നും ഊരാശാലയിലേക്ക് പോകുന്ന റോഡ് പൊട്ടിപൊളിഞ്ഞനിലയിൽ. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് റോഡിലൂടെ കടന്നുപോകുന്നത്. ടാറിംഗ് പൂർത്തിയായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ പൊളിയാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ റോഡ് നിറയെ മണൽ നിരന്നിരിക്കുകയാണ്. ആവശ്യത്തിന് ടാർ ഉപയോഗിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. 10 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. ടാറിങ് പരിശോധിക്കുന്ന കാര്യത്തിൽ മുനിസിപ്പൽ അധികൃതർ ഗുരുതരവീഴ്ച വരുത്തിയെന്ന് നാട്ടുകാർ പറയുന്നു. ടാറിങ്ങിലെ ക്രമക്കേട് കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.