കോട്ടയം : ലോക്ക് ഡൗണിലെ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം ജില്ലയിൽ നടന്നത് പത്തിലേറെ ഗുണ്ടാ ആക്രമണങ്ങൾ. മാന്നാനം ഷാപ്പിനു മുന്നിൽ യുവാവ് കുത്തേറ്റ് മരിച്ചതാണ് ഒടുവിലത്തേത്. തട്ടിക്കൊണ്ടു പോകലും, വിലപേശലും തുടങ്ങി വീട് കയറി അക്രമം വരെ നടന്നിട്ടും പൊലീസ് നിഷ്ക്രിയമാണ്. ഏറ്റുമാനൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ സംഭവം നടന്ന് ഒരു മാസം പൂർത്തിയാകും മുൻപ് ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രണം നടത്തി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്ബാൾ കളിച്ച ഗുണ്ടാ സംഘത്തെ ചോദ്യം ചെയ്‌തതിന് മേയിൽ കടുത്തുരുത്തിയിലായിരുന്നു ആദ്യ ആക്രമണം. എക്‌സൈസ് സംഘത്തെ ആക്രമിച്ച പ്രതി അച്ചു സന്തോഷ് അടക്കമുള്ളവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുംബയ് മോഡൽ അധോലോകം
അയ്‌മനം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തലവൻ വിനീത് സഞ്ജയനും സംഘവുമാണ് ജൂലായിൽ അക്രമം അഴിച്ചു വിട്ടത്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന വിനീത് ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാറോലിക്കൽ ഭാഗത്തു നിന്ന് ഫൈസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് മർദിച്ച് മൃതപ്രായനാക്കി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ വിനീതിന് ജില്ലാ ജയിലിനു മുന്നിൽ വൻസ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് സംഘം നേരെ ജില്ലാ ആശുപത്രിയിൽ എത്തി അക്രമം നടത്തി. കഞ്ചാവ് മാഫിയ തലവൻ ഷൈമോന്റെ വീട് അടിച്ചു തകർത്തതും അടുത്തിടെയാണ്. ഇതിനു പിന്നാലെ വിനീതിന്റെ കൂട്ടാളിയായുടെ വീട് ഒരുസംഘം അടിച്ചു തകർത്തു.
കഞ്ചാവും ലഹരിയും
ബ്ലേഡിന്റെ തണലും കഞ്ചാവിന്റെ കരുത്തുമാണ് ഗുണ്ടാസംഘങ്ങൾക്കു ജില്ലയിൽ വളമായിരിക്കുന്നത്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് ഗുണ്ടകൾക്കു ചെല്ലും ചെലവും കൊടുക്കുന്നത്. ജാമ്യത്തിലിറക്കുന്നതും, ഇവർക്കു വേണ്ട സഹായം ചെയ്‌തു നൽകാൻ പണം മുടക്കുന്നതും ഇവരാണ്. കഞ്ചാവും മറ്റു വീര്യം കൂടിയ ലഹരിമരുന്നുകളും ജില്ലയിൽ എത്തിക്കുന്നതിന് പിന്നിലും ഈ സംഘമാണ്.