ചങ്ങനാശേരി: മുൻമന്ത്രിയും നാല്പത് വർഷമായി ചങ്ങനാശേരി എം.എൽ.എയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ സി.എഫ്. തോമസ് (81) അന്തരിച്ചു. ഇന്നലെ രാവിലെ 10 ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. രണ്ടര വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
1980 മുതൽ ചങ്ങനാശേരിയെ തുടർച്ചയായി നിയമസഭയിൽ പ്രതിനിധീകരിച്ചു. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയിലും, പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകൾ കൈകാര്യം ചെയ്തു. കേരള കോൺഗ്രസ് (എം) ചെയർമാനും വൈസ് ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു.
ലളിത ജീവിതം നയിച്ച് നാട്ടുകാർക്കിടയിൽ സി.എഫ് സാറായ അദ്ദേഹം അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വമായിരുന്നു.കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിലംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. ഭാര്യ:കുഞ്ഞമ്മ മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗം. മക്കൾ : സൈജു (ബിസിനസ്), സിനി (അഡ്വക്കേറ്റ് കോട്ടയം), അനു ( മനോരമ). മരുമക്കൾ: ലീന (അദ്ധ്യാപിക, വാഴപ്പള്ളി സെന്റ് തെരേസാസ്), ബോബി (ബീന ട്രാവൽസ്), മനു ( മലയാള മനോരമ).