ചങ്ങനാശേരി : കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെയും യു.ഡി.എഫിന്റെയും സൗമ്യമുഖമായിരുന്നു സി.എഫ്.തോമസ്. നിലപാടുകളിലെ കർക്കശം രാഷ്ട്രീയ ജീവിതത്തിലുടനീളം പുലർത്താൻ അദ്ദേഹത്തിനായി. എന്നും കെ.എം.മാണിയ്ക്കൊപ്പം അടിയുറച്ച് നിന്നു. പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രശ്‌നങ്ങളെ നേരിടുന്നതിലും പരിഹാരം കണ്ടെത്തുന്നതിലും സി.എഫിന്റെ സൗമ്യനയം ഏവരെയും അത്ഭുതപ്പെടുത്തി. കേരള കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളിൽ അന്തിമവാക്ക് സി.എഫിന്റേതായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവുമായിരുന്നു. മത-സാമുദായിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി.
ചങ്ങനാശേരിയുടെ വികസനത്തിനും ഉന്നമനത്തിനും നേതൃത്വം കൊടുക്കുന്നതിൽ പ്രധാനിയായിരുന്നു. രാഷ്ട്രീയ പ്രവർത്തനം കൊണ്ട് വ്യക്തിപരമായ നേട്ടങ്ങൾക്ക് അദ്ദേഹം ശ്രമിച്ചില്ല. ചങ്ങനാശേരിയിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ഇടതുപക്ഷ പിന്തുണയിൽ കുതിര ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സി.എഫ് പിന്നീട് ചിഹ്നങ്ങൾ മാറി മറിഞ്ഞെങ്കിലും മരണം വരെ തോൽവി അറിഞ്ഞില്ല. കെ.എം. മാണിയുടെ മരണശേഷം പാർട്ടി രണ്ടായി പിളർന്നത് അദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ഒടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.